മഞ്ചേശ്വരത്ത് എൽ ഡി എഫ് 2006 ലെ വിജയം ആവർത്തിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടമാണ് മഞ്ചേശ്വരത്ത് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.അതേ സമയം പ്രചാരണത്തിൽ മുന്നേറ്റം തുടരുന്ന എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മഞ്ചേശ്വരത്ത് എത്തിയ കോടിയേരി ബാലകൃഷ്ണൻ മണ്ഡലം ഇത്തവണ എൽ ഡി എഫ് തിരിച്ചു പിടിക്കുമെന്ന് വ്യക്തമാക്കി.2006 ൽ നേടിയ വിജയം എൽ ഡി എഫ് ആവർത്തിക്കും.

ഇത് മുന്നിൽ കണ്ടാണ് ബി ജെ പി യും യു ഡി എഫും ഇടതു പക്ഷത്തിനെതിരായ പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വർഗീയതയും മതേതരത്വക്കും തമ്മിലാണ് ഏറ്റുമുട്ടൽ.ഈ പോരാട്ടത്തിൽ മഞ്ചേശ്വരത്തെ ജനങ്ങൾ എൽ ഡി എഫിന് ഒപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി ടീച്ചർ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.അതേ സമയം എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി പ്രചാരണത്തിലുള്ള മുന്നേറ്റം തുടരുകയാണ്.