പുത്തൂർ ഓട്ടിസം സെന്ററിന് ഇനി കാർട്ടൂൺ ചിത്രങ്ങളുടെ വേറിട്ട ഭംഗി

പുത്തൂർ ഓട്ടിസം സെന്ററിന് ഇനി കാർട്ടൂൺ ചിത്രങ്ങളുടെ വേറിട്ട ഭംഗി. ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിധത്തിലാണ് ആനയും കുതിരയും മത്സ്യ കന്യകയും പിന്നെ കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ ചുവരുകളിൽ ഇടംപിടിച്ചത്. പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാല്യം പദ്ധതിയ്ക്കായാണ് പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്റർ തിരഞ്ഞെടുത്തത്.

ഇതിന്റെ പരിസരം ശുചിയാക്കലും പൂന്തോട്ടം ഒരുക്കലുമൊക്കെ ആദ്യ ഘട്ടത്തിൽ നടന്നിരുന്നു. പിന്നീടാണ് ചിത്രകാരനായ കോട്ടാത്തല സാന്റോ സന്തോഷിന്റെ നേതൃത്വത്തിൽ ചുവരുകളിൽ ചിത്രമെഴുതിയത്. എൻ.എസ്.എസ് വാളണ്ടിയർമാരുടെ ഒപ്പം ചേർന്നു. ഒരാഴ്ചകൊണ്ടാണ് രണ്ട് മുറികളിലും പുറത്തുമായി ചിത്രമെഴുത്ത് പൂർത്തിയായത്. പദ്ധതിയുടെ ഭാഗമായി ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് കളിക്കോപ്പുകൾ നൽകുന്നുണ്ട്.

തുടർന്ന് ബോധവത്കരണ ക്ളാസുകൾ, ചികിത്സാ സംവിധാനങ്ങൾ, വിനോദ പരിപാടികൾ എന്നിവയൊക്കെ സംഘടിപ്പിക്കുമെന്ന് സ്കൂൾ എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഐ.ജ്യോതിലക്ഷ്മി അറിയിച്ചു. ഓട്ടിസം സെന്ററിൽ നടപ്പാക്കിയ ശ്രേഷ്ഠബാല്യം പദ്ധതിയുടെ സമർപ്പണം 12ന് നടക്കും.

രാവിലെ 10ന് ഓട്ടിസം സെന്റർ ഹാളിൽ നടക്കുന്ന സമ്മേളനം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഉദ്ഘാടനം ചെയ്യും. പാങ്ങോട് സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാർ കളിക്കോപ്പുകളുടെ സമർപ്പണം നടത്തും. വി.എച്ച്.എസ്.ഇ റീജിയണൽ അസി.ഡയറക്ടർ കുര്യൻ.എ.ജോൺ മികച്ച വോളന്റിയർമാർക്ക് സമ്മാനം നൽകും.

എൻ.എസ്.എസ്. റീജിയണൽ കോ-ഓർഡിനേറ്റർ ബി.രാജാലാൽ പദ്ധതി വിശദീകരണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർദ്ര, കോട്ടയ്ക്കൽ രാജപ്പൻ, കെ.മുരളീധരൻ, ജലജ, ദിലീപ് മൈലംകുളം, ബിൻസി ബഞ്ചമിൻ എന്നിവർ സംസാരിക്കും.

ചിത്രമെഴുത്തിന് നേതൃത്വം നൽകിയ സാന്റോ സന്തോഷിനെ ചടങ്ങിൽ ആദരിക്കും. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ സിന്ധ പ്രഭാകർ സ്വാഗതവും എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഐ.ജ്യോതിലക്ഷ്മി നന്ദിയും പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News