വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍ സഞ്ചാരയോഗ്യമാകും

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍ സഞ്ചാരയോഗ്യമാക്കും. എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമാകുന്നതാകും രണ്ട് ഫ്ളൈ ഓവറുകള്‍.

സംസ്ഥാനത്തെ പദ്ധതികളുടെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകൾ 2020 മാര്‍ച്ചില്‍ സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടി രൂപ ആണ് ഇതിനായുള്ള ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്ത് നിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകുമെന്നും യോഗം വിലയിരുത്തി.

750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന സർക്കാർ ചെയ്യാമെന്ന് സമ്മതപത്രം നല്‍കിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. തുടർന്ന് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News