7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും. തൊഴിലില്ലായ്‌മയും ഗ്രാമീണമേഖലയിലെ മാന്ദ്യവും സമ്പദ്‌ഘടനയിൽ കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ്‌ രാജ്യാന്തര ഏജൻസിയായ മൂഡീസ്‌ ഇൻവെസ്‌റ്റേഴ്‌സ്‌ സർവീസസിന്റെ മുന്നറിയിപ്പ്‌. നടപ്പുവർഷം സാമ്പത്തികവളർച്ച പ്രതീക്ഷിച്ചതിലും ഇടിയും. മൂഡീസിന്റെ റിപ്പോർട്ട്‌ പ്രകാരം മൊത്തം ആഭ്യന്തര വളർച്ച 5.8 ശതമാനമാകും. 6.2 ശതമാനമാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.

നടപ്പുവർഷം 7 ശതമാനം വളർച്ച നേടുമെന്നായിരുന്നു സർക്കാർ അവകാശവാദം. കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന റിസർവ്‌ ബാങ്ക്‌, ഐഎംഎഫ്‌, എഡിബി, ലോകസാമ്പത്തികഫോറം എന്നിവയുടെ റിപ്പോർട്ടുകളും രാജ്യത്തിന്റെ സമ്പദ്‌ഘടനയെക്കുറിച്ച്‌ ആശങ്കജനകമായ ചിത്രമാണ്‌ നൽകിയത്‌. സാമ്പത്തിക മാന്ദ്യം നേരിടാൻ കേന്ദ്രം നടത്തിയ പ്രഖ്യാപനങ്ങൾ ഫലം കാണുന്നില്ലെന്നാണ്‌ പഠനറിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഏപ്രിൽ–-ജൂൺ കാലയളവിൽ വളർച്ച അഞ്ച്‌ ശതമാനമായി ഇടിഞ്ഞുവെന്ന്‌ സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. ജൂലൈ– സെപ്‌തംബറിൽ വളർച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ്‌ റിസർവ്‌ബാങ്ക്‌ നിഗമനം. 6.2 ശതമാനമാണ്‌ റിസർവ്‌ബാങ്ക്‌ പ്രതീക്ഷിക്കുന്ന പരമാവധി വളർച്ച. നിക്ഷേപങ്ങൾ കുത്തനെ ഇടിഞ്ഞു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്‌പയിലും വൻ കുറവുണ്ടായി. മൊത്തം മൂലധനരൂപീകരണം ആറ്‌ ശതമാനമായി ചുരുങ്ങും. ഉപഭോഗത്തിലും വൻ ഇടിവുണ്ടായി. നിഷേപകർക്ക്‌ സമ്പദ്‌ഘടനയിലുള്ള വിശ്വാസത്തിൽ ഇടിവുണ്ടായതായും റിസർവ്‌ബാങ്ക്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

കാർഷികമേഖലയിൽ ആരംഭിച്ച തകർച്ച വ്യാവസായിക, ഉപഭോഗ മേഖലകളിലേക്ക്‌ പടർന്നപ്പോൾ സർക്കാർ നിഷ്‌ക്രിയമായി. മാന്ദ്യത്തെക്കുറിച്ച്‌ കോർപറേറ്റുകൾ വേവലാതിപ്പെട്ടതോടെയാണ്‌ കേന്ദ്രം പരസ്യപ്രതികരണത്തിപോലും തയ്യാറായത്‌. മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ 2.15 ലക്ഷം കോടിരൂപയുടെ ഇളവാണ്‌ കോർപറേറ്റുകൾക്‌ സമ്മാനിച്ചത്‌. പൊതുമേഖലാബാങ്കുകളിൽ കോർപറേറ്റുകളുടെ 3.5 ലക്ഷം കോടിരൂപയുടെ കിട്ടാക്കടവും മൂന്ന്‌ വർഷത്തിനുള്ളിൽ എഴുതിത്തള്ളി. തൊഴിലവസരം സൃഷ്ടിക്കാനോ ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാനോ പദ്ധതികൾ ഒന്നും നടപ്പാക്കിയതുമില്ല. വായ്‌പവിതരണം ഊർജിതമാക്കാൻ ബാങ്കുകളോടും ബാങ്കിങ്‌ ഇതരധനകാര്യസ്ഥാപനങ്ങളോടും നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രമുഖ വാഹനനിർമാതാക്കളെല്ലാം ഉൽപ്പാദനം വെട്ടിക്കുറയ്‌ക്കുകയോ തുടർച്ചയായി പ്ലാന്റുകൾ അടച്ചിടുകയോ ചെയ്യുന്നു. മോഡിസർക്കാർ അതിസമ്പന്നരുടെ ജീവിതം മാത്രം സുഖകരമാക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News