ആരോഗ്യപരിപാലനം; കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ്‌ 2018–19ൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ചവച്ചത്‌. പ്രളയത്തെയും നിപാ ബാധയെയും അതിജീവിച്ചാണ്‌ ഈ നേട്ടം. 2016–17, 2017–18 വർഷങ്ങളിലെ പ്രകടനം പരിശോധിച്ച്‌ നിതി ആയോഗ്‌ തയ്യാറാക്കിയ സൂചികയുടെ അടിസ്ഥാനത്തിലാണ്‌ ആരോഗ്യമന്ത്രാലയം പഠനം നടത്തിയത്‌. ദാദ്ര നഗർ ഹവേലി, ഹരിയാന, അസം, പഞ്ചാബ്‌ എന്നിവരും പട്ടികയിൽ മുന്നിലെത്തി. പശ്ചിമബംഗാൾ, മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ബിഹാർ, ലക്ഷദ്വീപ്‌ എന്നിവയാണ് ഏറ്റവും പിന്നിൽ.

പ്രകടനത്തിലുണ്ടായ മൊത്തം പുരോഗതി, ആരോഗ്യ–ക്ഷേമ കേന്ദ്രങ്ങളുടെ പ്രവർത്തനം, മനുഷ്യവിഭവശേഷി വിവരദായക സംവിധാനം, ജില്ലാ ആശുപത്രികളുടെ ഗ്രേഡിങ്‌, ജില്ലാതല മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം, 30 വയസ്സിൽ കൂടുതലുള്ളവരിലെ ജീവിതശൈലീരോഞഗങ്ങൾ കൈകാര്യംചെയ്യൽ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവയാണ്‌ ആരോഗ്യമന്ത്രാലയം പരിഗണിച്ചത്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ദേശീയ ആരോഗ്യദൗത്യത്തിന്റെ ഫണ്ട്‌ വിതരണം. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സംസ്ഥാനങ്ങൾക്ക്‌ കൂടുതൽ ഫണ്ട്‌ ലഭിക്കും. നിശ്‌ചിത നിലവാരം പ്രകടിപ്പിക്കാത്ത സംസ്ഥാനങ്ങൾക്ക്‌ ഫണ്ട്‌ കുറയും.

മനുഷ്യവിഭവശേഷി വിവരദായക സംവിധാനം ഫലപ്രദമായി നടപ്പാക്കിയതിന്‌ കേരളത്തിന്‌ 100 ശതമാനം ബോണസ്‌ ലഭിക്കും. ഏഴ്‌ മാനദണ്ഡങ്ങളിലും സംസ്ഥാനം ഏറെ മുന്നിലാണ്‌. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിലും കേരളം മുന്നിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here