മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നഗരസഭ ഇന്നാരംഭിക്കും. സർക്കാർ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സർവ്വാതെ ഇന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾ സന്ദര്‍ശിക്കും. സര്‍വ്വാതെയുടെ സാന്നിധ്യത്തില്‍ ചേരുന്ന 11 അംഗ സാങ്കേതിക സമിതിയാകും ഫ്ലാറ്റുകള്‍ പൊളിക്കാനുളള കമ്പനിയെ തീരുമാനിക്കുക. അതേസമയം ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുളള മൂന്നംഗ സമിതി കുടുതൽ സമയം അനുവദിച്ചു.
ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് സാങ്കേതിക വിദഗ്ധനായ ശരത് ബി സർവ്വാതെയെ ഉപദേശകനായി സർക്കാർ നിയോഗിച്ചത്. കൊച്ചിയിലെത്തിയ അദ്ദേഹം 4 ഫ്ലാറ്റ് സമുച്ചയങ്ങളും ഇന്ന് സന്ദർശിക്കും. തുടർന്ന് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായി സർവ്വാതെ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുക്കുക. 11 അംഗ സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷമേ പൊളിക്കുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം മരട് ഫ്ലാറ്റുടമകൾക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ മുന്നംഗ സമിതി കുടുതൽ സമയം അനുവദിച്ചു. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ആദ്യയോഗത്തിൽ സമിതി അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെ എസ് ആർ എ യിലെ എൻജിനീയർ ആർ മുരുകേശൻ എന്നിവരും പങ്കെടുത്തു. യഥാർത്ഥ വില കാണിച്ച് ഉടമകൾ സത്യവാങ്ങ്മൂലം നൽകണം. പതിനാലാം തിയ്യതിയാണ് സമിതിയുടെ അടുത്ത സിറ്റിങ്ങ്. മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.
Get real time update about this post categories directly on your device, subscribe now.