സിലിയുടെ മരണത്തിലും കേസെടുത്തു; ജോളിയെയും കൂട്ടുപ്രതികളെയും തെളിവെടുപ്പിന് കൊണ്ടുപോയി; അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി, നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍പെട്ട സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇതോടൊപ്പം കൂടത്തായി കൊലപാതക പരമ്പരയിലെ മറ്റു മരണങ്ങളും സിഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.

ഇതിനിടെ, കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്.

സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ലെന്നും ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. പതറാതെയായിരുന്നു ജോളിയുടെ ഈ മറുപടികള്‍.

അതേസമയം, കൊലപാതക കേസില്‍ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടില്‍ ഉള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുക്കുക. പ്രജുകുമാര്‍, മാത്യു എന്നിവരെ ഇരുവരുടെയും സ്ഥാപനങ്ങളില്‍ എത്തിച്ചുമാണ് തെളിവെടുക്കുക.

ഇന്നലെ വൈകീട്ട് 4 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9 മണി വരെ തുടര്‍ന്നിരുന്നു. ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും പ്രത്യേകമാണ് ചോദ്യം ചെയ്തത്. ചോദ്യവലിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.

കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുമ്പോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം. പ്രതികള്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നതായും എസ്പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here