വിശ്വമാനവികതയുടെ കവിയായ ടാഗോർ തീവ്രദേശീയതയോട് ശക്തമായി കലഹിച്ച വ്യക്തിയാണ്. മനുഷ്യന്റെ അടിസ്ഥാന കാമനകളായ അത്യാഗ്രഹവും വെറുപ്പും ക്രൂരതയും ഉപേക്ഷിക്കുമ്പോഴാണ് പുതിയ മനുഷ്യൻ പിറവികൊള്ളുക.

അതിന് കഴിയുന്നില്ലെങ്കിൽ ദുഷ്ടതകൾ പെരുകി വെറുപ്പിന്റെ തീയും പുകയുമേറ്റ് മാനവ സംസ്കൃതി തകരും ‐ ടാഗോർ വിശദീകരിച്ചു.

സങ്കുചിത ദേശീയതയല്ല. വിശ്വമാനവികതയാണ് നമുക്കുവേണ്ടത്. എല്ലാ സ്നേഹവും കരുത്തും അതിനുവേണ്ടി സമർപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

മതദേശീയത ശക്തിപ്പെടുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ടാഗോറിന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാണ്. അശാസ്ത്രീയമായ വ്യവസ്ഥയിലൂടെ പൗരത്വം നിർണയിക്കുകയും ഒരു ജനതയെ പുറന്തള്ളുകയും ചെയ്യുന്നത് മതനിരപേക്ഷ ദേശീയതയുടെ തകർച്ചകൂടിയാണ്.

ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷത്തിലേറെപേർ ബഹിഷ്കൃതരായി. ഇനിയും പരാതിയുള്ളവർക്ക് ഫോറിനേഴ്സ് ട്രിബ്യൂണലിൽ അപ്പീൽ നൽകാം. അപ്പീലുകൾ തള്ളിയാൽ കൂറ്റൻ തടങ്കൽപാളയങ്ങളിലേക്ക് പോകേണ്ടിവരും.

വിദേശിയായി മുദ്രകുത്തും. ഇന്നലെവരെ അനുഭവിച്ച അവകാശങ്ങൾ നിഷേധിക്കപ്പെടും. ഇന്ത്യയിൽ മുഴുവൻ പൗരത്വപട്ടിക വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. അസമിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെല്ലാം ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന് പ്രചരിപ്പിച്ചു.

നിയമസഭ‐പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ സമുന്നത നേതാക്കൾവരെ ഇത് ഏറ്റെടുത്തു. യൂറോപ്പിലും അമേരിക്കയിലും ശക്തിപ്പെടുന്ന കുടിയേറ്റവിരുദ്ധത, വംശീയത എന്നിവ ഇവിടെയും മറനീക്കി പുറത്തുവരികയാണ്.

യഥാർഥ പൗരന്മാരെവരെ വിദേശിയായി പ്രഖ്യാപിക്കുന്ന എൻആർസി നടപടിക്കെതിരെയും പൗരത്വനിയമത്തിലെ വിവേചനത്തിന് എതിരെയും സിപിഐ എം ശക്തമായ നിലപാട് സ്വീകരിച്ചു. ഡൽഹിയിലും അസമിലും മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.

സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാനും എൻആർസിയുമായി ബന്ധപ്പെട്ട നിയമസഹായങ്ങൾക്കായും ഇടപെടൽ നടത്തി.

അന്യായമായ പൗരത്വ നിഷേധത്തിനെതിരെ ഇടതുപക്ഷ പാർടികൾ പ്രതിഷേധമുയർത്തി. കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ സംഘപരിവാർ പദ്ധതിയെ കാര്യമായി എതിർക്കുന്നില്ല. രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും വലിയ വെല്ലുവിളി നേരിടുകയാണ്.

പൗരത്വം നിഷേധിക്കപ്പെട്ടവരുടെ ഭാവി എന്താണെന്നോ അവർ ഇനി എവിടെ പോകുമെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

രാജ്യമില്ലാതാകുന്നവരെ എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇനിയും പരാതിയുള്ളവർക്ക് ട്രിബ്യൂണലിൽ അപ്പീൽ കൊടുക്കാം എന്നാണ് സർക്കാർ നിലപാട്. ഇതൊരു ഉദ്യോഗസ്ഥ സംവിധാനമായി മാറിയ അനുഭവമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഇതുവരെ സമർപ്പിച്ചതിനേക്കാൾ വലിയ രേഖകൾ ട്രിബ്യൂണലിന് നൽകേണ്ടി വരും. പട്ടിക പ്രസിദ്ധീകരിച്ച് 120 ദിവസത്തിനകം പരാതി നൽകണം. ഇതിനായി അസമിൽ കൂടുതൽ ട്രിബ്യൂണലുകൾ സ്ഥാപിക്കും എന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.

എന്നാൽ, 19 ലക്ഷത്തിലേറെപേർക്കായി ആകെ നൂറ് ട്രിബ്യൂണലാണ് ഉള്ളത്. ഇവിടെ പരാതി സ്വീകരിച്ചാൽ മാത്രമേ തുടർന്ന് നിയമപോരാട്ടംതന്നെ സാധ്യമാകൂ. പ്രഥമദൃഷ്ട്യാതന്നെ അപ്പീൽ തള്ളാനുള്ള അധികാരം ട്രിബ്യൂണലിനുണ്ട്. അപ്പീൽ തള്ളിയാൽ അപേക്ഷകനെ തടങ്കൽ പാളയത്തിലടയ്ക്കും. എല്ലാ അവകാശാധികാരങ്ങളും ഇല്ലാതാകും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന വിദേശിയായി മാറും.

അവരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ട്രിബ്യൂണൽ വിധി അനുകൂലമല്ലെങ്കിൽ മേൽക്കോടതികളെ സമീപിക്കാനായി ആളും അർഥവും വേണം. പൗരത്വം നിഷേധിക്കപ്പെട്ട, ദരിദ്രരായ മഹാഭൂരിപക്ഷത്തിന് ഇതിനു സാധിക്കുമോ എന്ന ചോദ്യം പ്രസക്തവുമാണ്.

ഇവിടെ ജനിച്ചവരും അവരുടെ പിൻഗാമികളുമുൾപ്പെടെ ‐ യഥാർഥ പൗരന്മാർക്കുതന്നെ പൗരത്വം നിഷേധിക്കുന്നത് അനീതിയാണ്. ഒരാൾ ജനിച്ചുജീവിച്ച നാട്ടിൽനിന്ന് സാങ്കേതിക കാരണംപറഞ്ഞ് അയാളെ നാടുകടത്താൻ ആർക്കാണ് അധികാരം?

കിഴക്കൻ പാകിസ്ഥാനിലെ ആഭ്യന്തരയുദ്ധത്തിൽ (1971) അഭയാർഥികളായി വന്നവർ അനേകം പേരുണ്ട്. അവർ നുഴഞ്ഞുകയറ്റക്കാരല്ല. ഭീകരവാദികളോ രാജ്യവിരുദ്ധരോ അല്ല. വന്നകാലംമുതൽ ഈ മണ്ണിനെ സ്വന്തം മണ്ണായികണ്ട് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിച്ചവരുണ്ട്.

അവരെ ഒറ്റയടിക്ക് രാജ്യത്തുനിന്ന് പുറത്താക്കുന്നത് ശരിയാണോ? ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും അന്തർദേശീയ വ്യവസ്ഥകൾക്കും നിരക്കുന്നതുമല്ല.

പൗരത്വപട്ടികയുടെ കാര്യത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി. ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഇന്ത്യ ഉറപ്പുവരുത്തണമെന്നും പറഞ്ഞിട്ടുണ്ട്. യുഎൻ അഭയാർഥികാര്യവിഭാഗം തലവൻ ഫിലിപ്പോ ഗ്രാൻഡിയുടെ പ്രതികരണം ഇപ്രകാരമാണ് “പൗരത്വമില്ലാത്ത ഒരു വലിയ ജനവിഭാഗത്തെ സൃഷ്ടിക്കുന്നത് ആഗോളതലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും.

അഭയാർഥിപ്രശ്നങ്ങൾ പരിഹരിക്കാൻ യുഎൻ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടിയാകരുത് ഇന്ത്യയുടെ സമീപനം”. പൗരത്വപട്ടികയെ ബിജെപി ശക്തമായി അനുകൂലിക്കുന്നത് അവരുടെ ന്യൂനപക്ഷ വിരുദ്ധത കൊണ്ടാണ്. എന്നാൽ, അന്തിമപട്ടികയിൽനിന്ന്‌ ഹിന്ദുക്കൾ ‐ ഗൂർഖകൾ, ആദിവാസികൾ എന്നിവരും പുറത്തായി. ഇത് അസമിൽ പുതിയ പ്രശ്നമായി മാറിയിട്ടുണ്ട്.

പൗരത്വവും ഇരട്ടനീതിയും

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബിൽ അന്ന് രാജ്യസഭ പാസാക്കിയില്ല.

ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നില്ല. നിയമനിർമാണം എന്നത് മതനിരപേക്ഷവും തുല്യനീതിയിലധിഷ്ഠിതവുമായിരിക്കണം എന്ന തത്വത്തെ ബലികഴിക്കുന്ന പദ്ധതിയാണ് വീണ്ടും ഒരുങ്ങുന്നത്.

എൻആർസിയിലൂടെ പൗരത്വം നിഷേധിക്കപ്പെട്ട ആളുകളെ ഭിന്നിപ്പിക്കാനും മതവിവേചനം നടപ്പാക്കാനുമാണ്‌ നീക്കം. അസമിലെ പൗരത്വ രജിസ്റ്ററിൽ ഇടംകിട്ടാതെപോയ ഹിന്ദുവിഭാഗത്തിൽപ്പെട്ടവരെ ഉൾക്കൊള്ളാനുള്ള നിയമമാണിത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 മുമ്പ് ഇന്ത്യയിൽ വന്നവർക്ക് (മുസ്ലിം ഒഴികെയുള്ള വിഭാഗക്കാർക്ക്) ഇന്ത്യൻ പൗരത്വം നൽകുമെന്ന വ്യവസ്ഥയാണ് ചേർത്തിരിക്കുന്നത്.

അർഹരായവർക്ക് മതവ്യത്യാസമില്ലാതെ പൗരത്വം നൽകുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് മുസ്ലിങ്ങൾമാത്രം പൗരത്വത്തിന് പുറത്താകുന്നത് ? മതവിവേചനം സാമാന്യ നീതിയല്ല. വിദേശിയായാലും സ്വദേശിയായാലും തുല്യതയ്ക്കുള്ള അവകാശം ഭരണഘടന നൽകുന്നു.

ആയതിനാൽ ഒരു പ്രത്യേക മതത്തിൽപ്പെട്ടവരെ പൗരത്വത്തിന് പരിഗണിക്കാതിരിക്കുന്ന വ്യവസ്ഥ നിയമപരമായി ചോദ്യം ചെയ്യപ്പെടും.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (1) വ്യക്തമാക്കുന്നു ‐ ‘മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ പേരിൽ ഒരു പൗരനോടും ഭരണകൂടം വിവേചനം കാണിക്കില്ല’. അഭയാർഥികളെപ്പോലും മതത്തിന്റെ പേരിൽ വിഭജിക്കുന്നത് എത്രമാത്രം ഹീനമായ പ്രവൃത്തിയാണ്?

കേന്ദ്ര സർക്കാർ ചെയ്യേണ്ടത്

പൗരത്വപട്ടികയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇത് ദേശീയ ഐക്യത്തെ ബാധിക്കുന്ന വിഷയമാണ്.

പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കി കേന്ദ്രം സർവകക്ഷിയോഗം വിളിക്കണം. അപ്പീലുകൾക്കായി ആയിരം ട്രിബ്യൂണൽ സ്ഥാപിക്കുമെന്ന വാഗ്ദാനം ഉടൻ നടപ്പാക്കണം.

ഉദ്യോഗസ്ഥ മേധാവിത്വമാകരുത് അവയുടെ രീതി. രാഷ്ട്രീയ സ്വാധീനങ്ങൾക്കപ്പുറം മനുഷ്യത്വപരമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമായി ട്രിബ്യൂണലുകൾ ഉയരണം.

ലഭ്യമായ ഏതു രേഖകയും പരിഗണിക്കണം. ഒരാൾക്കുപോലും പരാതി ഉന്നയിക്കാൻ അവസരം നിഷേധിക്കരുത്. ആവശ്യമായ ഘട്ടത്തിൽ മേൽക്കോടതികളെ സമീപിക്കുന്നവർക്ക് കേന്ദ്ര ‐സംസ്ഥാന സർക്കാരുകൾ നിയമസഹായം ലഭ്യമാക്കണം.

പൗരത്വ രജിസ്റ്ററിൽ പേരില്ല എന്ന കാരണത്താൽ ആരെയും തടങ്കൽ പാളയത്തിൽ അടയ്ക്കരുത്. ഇന്നലെവരെ അനുഭവിച്ച അവകാശങ്ങൾ നിഷേധിക്കരുത്. ജനാധിപത്യം കരുണയുടെ മുഖം കൈവരിക്കുന്നത് അപ്പോഴാണ്.