സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ പ്രതീക്ഷകള്‍ ഉണര്‍ത്തി കേരള ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ ബാങ്കുകളും സംയോജിപ്പിച്ച് കേരള ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കിയ റിസര്‍വ് ബാങ്കിന്റെ തീരുമാനം രാജ്യത്തിന്റെ ബാങ്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സഹകരണമേഖലയില്‍ സമ്പൂര്‍ണ ആധുനിക ബാങ്കിന് രൂപംനല്‍കുന്നത് രാജ്യത്ത് ആദ്യം. സഹകരണമേഖലയെ വികസനത്തിന്റെ ചാലകശക്തിയാക്കുന്നതില്‍ ഇതുവഴി കേരളം മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്.കേരള ബാങ്ക് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ കാര്‍ഷികവായ്പ നല്‍കാനാകും. കേരള ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍നിന്ന് കൂടുതല്‍ പുനര്‍വായ്പയും ലഭിക്കും. ഇത് ഉല്‍പ്പാദനമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. കാര്‍ഷികേതര വായ്പകളുടെയും പലിശനിരക്കും കുറയും. കേരള ബാങ്ക് നല്‍കുന്ന സാങ്കേതിക മികവുള്ള സേവനങ്ങള്‍ അവരിലൂടെ സാധാരണക്കാരായ ഗ്രാമീണജനതയിലും എത്തും.