സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിടത്തടിച്ച ആര്യയുടെ പണിയും തെറിക്കും; നടപടി അറസ്റ്റിന് പിന്നാലെ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മര്‍ദിച്ച കുസാറ്റ് അനന്യ ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരെ നടപടിക്ക് ശുപാര്‍ശ.

ആര്യ ബാലനെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് വകുപ്പുതല നടപടി. മൂന്ന് വര്‍ഷത്തെ കരാര്‍ ജീവനക്കാരിയാണ് ആര്യ. വരുന്ന മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിക്കും. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കുസാറ്റ് രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ചീഫ് വാര്‍ഡന്‍ പറഞ്ഞു.

ഇന്നലെയാണ് കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശത്ത് താറോല്‍മിത്തല്‍ വീട്ടില്‍ ആര്യ ബാലനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആര്യ എത്താന്‍ വിസ്സമ്മതിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചതോടെ, ആര്യ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു.

സെഷന്‍ 323, 294 ബി, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അകാരണമായി മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് ഈ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രോഗിക്ക് സഹായിയായി ആശുപത്രിയിലെത്തിയ ആര്യ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തന്റെ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാറ്റി വയ്പ്പിച്ചു. എന്നാല്‍ രോഗിയെ കണ്ട് മടങ്ങിവന്ന ആര്യ മറ്റ് വാഹനങ്ങള്‍ക്കിടയില്‍ പെട്ട തന്റെ സ്‌കൂട്ടര്‍ എടുത്തുതരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് സ്‌കൂട്ടര്‍ പുറത്തെടുത്ത് നല്‍കിയപ്പോള്‍ സ്റ്റാന്‍ഡ് ഉരഞ്ഞെന്ന് പറഞ്ഞ് പ്രകോപിതയായി മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here