കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെ സംഘടനയില്‍ നിന്നും പുറത്താക്കി

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യുവിനെ സംഘടനയില്‍ നിന്നും പുറത്താക്കി.അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് കെ സി എ യുടെ നടപടി. കെ സി എ യുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്യുവിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നൊഴിവാക്കണമെന്ന ഓംബുഡ്സ്മാന്റെ ശുപാര്‍ശ ജനറല്‍ ബോഡി അംഗീകരിക്കുകയായിരുന്നു.

തൊടുപുഴയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടി സി മാത്യു രണ്ട്‌കോടിയില്‍പ്പരം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു കെ സി എ യുടെ അന്വേഷണ സമിതി കണ്ടെത്തിയത്.

അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് കെ സി എ ഓംബുഡസ്മാന്‍ വി രാംകുമാര്‍ ടി സി മാത്യുവിന്റെ പ്രാഥമികാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.കൊച്ചിയില്‍ ചേര്‍ന്ന കെ സി എ ജനറല്‍ ബോഡി യോഗത്തില്‍ ഓംബുഡ്‌സ്മാന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നുവെന്ന് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.

ഓംബുഡ്‌സ്മാന്റെ ശുപാര്‍ശക്കെതിരെ ടി സി മാത്യു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതേ സമയം കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സ്റ്റേഡിയം ഉടമയായ ജി സി ഡി എ ക്ക് കത്ത് നല്‍കാനും ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

കെ സി എയും ജി സിഡി എയും തമ്മിലുള്ള ധാരണപ്രകാരം ക്രിക്കറ്റ് മത്സരങ്ങള്‍ക്കു കൂടി സ്റ്റേഡിയം ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കുക.ഡിസംബറില്‍ കാര്യവട്ടത്ത് നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകളും യോഗത്തില്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here