തെളിവെടുപ്പ് പൂര്‍ത്തിയായി; അന്നമ്മക്ക് കീടനാശിനി, ബാക്കിയുള്ളവര്‍ക്ക് സയനൈഡും നല്‍കി കൊലപ്പെടുത്തി; ആല്‍ഫൈനെ കൊന്നിട്ടില്ലെന്നും ജോളി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ എല്ലാ കുറ്റവും ജോളി സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെയാണ് എല്ലാവരെയും കൊന്നതെങ്ങനെയെന്ന് ജോളി വെളിപ്പെടുത്തിയത്. തെളിവെടുപ്പിനിടെ രണ്ട് കീടനാശിനി കുപ്പികളും പൊലീസ് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.

ഒരു കുപ്പി വീടിന്റെ പരിസരത്ത് നിന്നും ഒരു കുപ്പി കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ കീടനാശിനി കുപ്പി കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പൊന്നാമറ്റം വീട്, എന്‍ഐടി, ദന്താശുപത്രി തുടങ്ങി കേസുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ മാത്യുവിനേയും പ്രജുകുമാറഇനേയും ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വച്ചാണെന്ന് മാത്യു പറഞ്ഞു. തെളിവെടുപ്പ് നടത്തുന്നതിനിടെ ജോളിയും ഇക്കാര്യം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും സക്കറിയെയും പൊലീസ് വീട്ടിലെത്തി ചോദ്യംചെയ്തു.

അന്നമ്മയെ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. റോയി തോമസിന് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയുമാണ് കൊന്നതെന്ന് ജോളി തെളിവെടുപ്പിനിടയില്‍ സമ്മതിച്ചു. മഞ്ചാടിയില്‍ മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. മാത്യുവുമൊന്നിച്ച് മദ്യപിക്കാറുണ്ടെന്നും ജോളി പറഞ്ഞു. മാത്യു കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുമ്പു വരെ ഒന്നിച്ചു മദ്യപിച്ചിരുന്നു.

ടോം തോമസിനെ വൈറ്റമിന്‍ ക്യാപ്‌സ്യൂളില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയത്. മൂന്ന് തവണ സിലിയെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതിന് ഷാജുവിന്റെ സഹായവും ലഭിച്ചിരുന്നതായി ജോളി വെളിപ്പെടുത്തി.

അഞ്ച് മരണങ്ങള്‍ക്കും തെളിവ് ലഭിച്ചപ്പോള്‍ ഒന്നുമാത്രം താന്‍ ചെയ്തതല്ല എന്നാണ് ജോളി പറയുന്നത്. ഷാജുവിന്റെ ഒന്നര വയസുള്ള മകള്‍ ആല്‍ഫൈനെ കൊന്നത് താനല്ല എന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളെ സെല്ലിലേക്ക് മാറ്റി. നാളെ വീണ്ടും ഇവരെ ചോദ്യം ചെയ്യും. ജോളിയെ വടകര വനിതാ സെല്ലിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here