ഇന്ത്യ– ചൈന ഉച്ചകോടി ഇന്ന്‌; വ്യാപാരം മുഖ്യചർച്ച

ചെന്നൈ: ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും മാമല്ലപുരത്ത്‌ (മഹാബലിപുരം) എത്തി.

ശനിയാഴ്‌ച രാവിലെ ഉച്ചകോടി ആരംഭിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിന്‌ വെള്ളിയാഴ്‌ച പകൽ രണ്ടോടെയാണ്‌ ഷീ ജിൻപിങ്‌ ചെന്നൈയിൽ എത്തിയത്‌.

മോഡി വെള്ളിയാഴ്‌ച രാവിലെ പതിനൊന്നോടെ പ്രത്യേക ഹെലികോപ്‌റ്ററിൽ ചെന്നൈയിലെത്തി. അവിടെനിന്ന്‌ കാർമാർഗം മാമല്ലാപുരത്തേക്കുപോയി. രാഷ്ട്രനേതാക്കളെത്തിയതോടെ മാമല്ലാപുരവും പരിസരപ്രദേശങ്ങളൂം കനത്ത സുരക്ഷയിലാണ്‌.

അനൗദ്യോഗിക ഉച്ചകോടിയായതിനാൽ പ്രഖ്യാപനങ്ങളോ കരാറുകളോ ഉണ്ടാകില്ല. ഉഭയകക്ഷി വ്യാപാരം മുഖ്യ ചർച്ചാവിഷയമാകും.

വ്യാപാരകമ്മി, ഇന്ത്യയിലെ ചൈനീസ്‌ നിക്ഷേപം, ഭീകരതയ്‌ക്കെതിരായ കൂട്ടായ്‌മ രൂപപ്പെടുത്തൽ, വിവരസാങ്കേതികവിദ്യാ സഹകരണം എന്നിവ ചർച്ചയാകും.

കഴിഞ്ഞദിവസം പാക്‌ പ്രധാനമന്ത്രി ഇമ്രാൻഖാൻ ചൈന സന്ദർശിച്ച സാഹചര്യത്തിൽ കശ്‌മീരും ചർച്ചയായേക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാമത്തെ അനൗദ്യോഗിക ഉച്ചകോടിയാണിത്‌.

വുഹാനിലായിരുന്നു ആദ്യ ഉച്ചകോടി. ചൈനയുടെ വിദേശമന്ത്രി വാങ്‌ യി, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി കേന്ദ്ര കമ്മിറ്റി അംഗം ജെയ്‌ച്ചി, ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയശങ്കർ, ദേശീയ ഉപദേഷ്ടാവ്‌ അജിത്‌ ഡോവൽ എന്നിവരും ചർച്ചകളിൽ പങ്കെടുക്കും.

ഷീ ജിൻപിങ്ങിനെ വിമാനത്താവളത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവർണർ ബൻവാരിലാൽ പുരോഹിത്, തമിഴ്‌നാട് സ്പീക്കർ പി ധനപാൽ തുടങ്ങിയവർ സ്വീകരിച്ചു.

വിശ്രമത്തിനുശേഷം വൈകിട്ട്‌ അഞ്ചോടെ മാമല്ലപുരത്തെത്തിയ ഷീ ജിൻപിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു.

തമിഴ്‌ ശൈലിയിൽ മുണ്ടും ഷർട്ടും ഷാളും ധരിച്ചാണ് മോഡി എത്തിയത്. തുടർന്ന്‌ ഇരുനേതാക്കളും ചരിത്രസ്‌മാരകങ്ങൾ സന്ദർശിച്ചു.

അർജുന തപ ശില്പങ്ങൾ, പഞ്ചരഥങ്ങൾ, കടൽത്തീര ക്ഷേത്രം എന്നിവ മോഡിയും ഷി ജിൻപിങ്ങും സന്ദർശിച്ചു. വൈകിട്ട്‌ ക്ഷേത്രസമുച്ചയ പരിസരത്ത്‌ ഇരുനേതാക്കൾക്കുമായി കലാവിരുന്നൊരുക്കി.

ശനിയാഴ്‌ച ഫിഷർമാൻസ്‌ കോവ്‌ റിസോർട്ടിലാണ്‌ കൂടിക്കാഴ്‌ച. ശേഷം പ്രതിനിധിസംഘം ചർച്ച തുടരും. ഉച്ചഭക്ഷണത്തിനുശേഷം ഷീ ജിൻപിങ്‌ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്‌ തിരിച്ചുപോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here