മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; പരിസരവാസികള്‍ ഭയക്കേണ്ടതില്ല

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുമതല മുംബൈ എഡിഫൈസ്‌ എൻജിനിയറിങ്ങിനെയും ചെന്നൈ വിജയ്‌ സ്‌റ്റീൽസിനെയും ഏൽപ്പിക്കും.

ശനിയാഴ്‌ച നടക്കുന്ന നഗരസഭാ കൗൺസിൽ ഇക്കാര്യം തീരുമാനിക്കും. പൊളിക്കുന്നതിന്‌ ഉപദേശം നൽകാൻ ഇൻഡോറിൽനിന്നുള്ള വിദഗ്‍ധൻ ശരത് ബി സർവത്തെ ഫ്ലാറ്റുകൾ സന്ദർശിച്ചു.

സബ്‌കലക്‌ടർ സ്‌നേഹിൽ കുമാർ സിങ്‌ അധ്യക്ഷനായി മരട്‌ നഗരസഭയിൽ ചേർന്ന യോഗമാണ്‌ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ നിശ്‌ചയിച്ചത്‌. തീരുമാനം ഔദ്യോഗികമാക്കാനാണ്‌ ശനിയാഴ്‌ച കൗൺസിൽ ചേരുന്നത്‌. ഇതിനുശേഷം ഫ്ലാറ്റുകൾ കമ്പനികൾക്ക്‌ കൈമാറും.

ഫ്ലാറ്റുകൾ പുതിയതായതിനാൽ പൊളിക്കുക ശ്രമകരമാണെന്ന്‌ ശരത് ബി സർവത്തെ പറഞ്ഞു. കായലിലേക്ക്‌ ചരിച്ച്‌ പൊളിക്കാനാണ്‌ ആലോചിക്കുന്നത്‌.

പരിസരവാസികൾ ഭയക്കേണ്ടതില്ല. വീടുകൾക്ക്‌ ദോഷമാകില്ല. പൊളിക്കുന്നതിന്‌ ആറുമണിക്കൂർമുമ്പ്‌ പരിസരവാസികളെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ മരട് നഗരസഭയിലെത്തിയ സർവത്തെ, സർക്കാർ നിയോഗിച്ച സാങ്കേതികസമിതി അംഗങ്ങളുമായും സബ് കലക്‌ടർ സ്‌നേഹിൽ കുമാറുമായും ചർച്ച നടത്തി.

കെഎംആർഎൽ, മലിനീകരണ നിയന്ത്രണ ബോർഡ്‌ അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഗോൾഡൻ കായലോരം ഫ്ലാറ്റാണ്‌ സംഘം ആദ്യം പരിശോധിച്ചത്. തുടർന്ന്‌ സാങ്കേതികസമിതി അംഗങ്ങൾക്കൊപ്പം ബാക്കി മൂന്ന്‌ ഫ്ലാറ്റുകളും പരിശോധിച്ചു.

എഡിഫൈസ് കമ്പനിയുടെ സാങ്കേതികവിദഗ്‍ധരും പരിശോധിക്കാനെത്തി. ഇവരുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

നിയന്ത്രിതസ്ഫോടനത്തിലൂടെയാകും പൊളിക്കുകയെന്ന്‌ കമ്പനി പ്രതിനിധികൾ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കെട്ടിടം നിലംപതിക്കും.

പൊളിക്കുന്നതിനുമുമ്പായി കെട്ടിടത്തിന്റെ രൂപരേഖയും ഘടനയും വിശദമായി പരിശോധിക്കും. പ്രകമ്പനം പരമാവധി കുറയ്‌ക്കും. രണ്ടുമാസത്തിനുള്ളിൽ പൊളിച്ചുതീർക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ കമ്പനി പ്രതിനിധി ജോ ബ്രിങ്‌മാൻ പറഞ്ഞു.

ആശങ്ക പരിഹരിക്കാൻ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പരിസരവാസികളുടെ യോഗം വിളിച്ചിട്ടുണ്ട്‌. ഫ്ലാറ്റുടമസ്ഥർക്ക്‌ നഷ്‌ടപരിഹാരം നിശ്‌ചയിക്കാനുള്ള ജസ്‌റ്റിസ്‌ ബാലകൃഷ്‌ണൻനായർ സമിതിയുടെ അടുത്ത യോഗം 14, 17 തീയതികളിലാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here