എല്‍ജിബിടി കമ്യൂണിറ്റികള്‍ക്ക് സമൂഹത്തില്‍ പൊതുവെ പുതിയ കാലത്ത് സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും ഇപ്പോഴും ഇത്തരക്കാരെ മനസിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല.

സര്‍ക്കാരും വിവിധ എന്‍ജിഒകളും ഇവരെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇരുപത് വയസുള്ള ആദം ഹാരി പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ താണ്ടേണ്ടിവന്നത് വലിയ ദുരിതങ്ങളാണ്.

തൃശൂരുകാരനായ ആദം ഹാരി രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ പൈലറ്റായി പറന്നുതുടങ്ങുകയാണ്. കുടുംബം ആദത്തെ കൈയ്യൊഴിഞ്ഞപ്പോള്‍ കരുത്തായത് സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പും മന്ത്രി കെകെ ശൈലജയുമാണ്.

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി അക്കാദമി ഓഫ് ഏവിയേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ കോഴ്‌സിനായി 23.34 ലക്ഷമാണ് ആദമിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

എന്റെ ബാല്യകാല സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെുന്നത്. ഇവിടെയെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നിട്ടുണ്ട് ഒപ്പം നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമായിരുന്ന എന്റെ സ്വപ്‌നത്തിന് ചിറക് നല്‍കിയത് കേരളാ സര്‍ക്കാരാണ് സര്‍ക്കാര്‍ എനിക്ക് നല്‍കുന്ന പിന്‍തുണയ്ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ആദം ഹാരി പ്രതികരിച്ചു.

നിയമമനുസരിച്ച് കൊമേര്‍സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കാന്‍ പ്രൈവറ്റ് പൈലറ്റായി ഇരുന്നൂറ് മണിക്കൂറില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് വേണം.

2017 ല്‍ ആദം ഈ ലൈസന്‍സ് സ്വന്തമാക്കിയിരുന്നു. നിലവില്‍ ജോഹന്നാസ്ബര്‍ഗില്‍ ആദം പരിശീലനം പൂര്‍ത്തിയാക്കിവരികയാണ്. ആദം ഹാരിയിലൂടെ കേരളം രാജ്യത്തിന് പുതിയ മാതൃക കാട്ടിക്കൊടുക്കുകയാണ്.