രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സീതാറാം യെച്ചൂരി

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോലും പ്രകടമായ തകർച്ചയാണ് സാമ്പത്തിക രംഗത്ത് വന്നിരിക്കുന്നതെന്നും ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നതെന്നും യെച്ചൂരി മുന്നറിയിപ്പ് നൽകി.

മുംബൈയിൽ അന്ധേരി വെസ്റ്റിൽ നിന്നും മത്സരിക്കുന്ന ഇടതു പക്ഷ സ്ഥാനാർഥി കെ നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി .

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ സാധാരണക്കാരെ കുറച്ചൊന്നുമല്ല വലക്കുന്നതെന്നും അവരുടെയെല്ലാം വാങ്ങൽ ശേഷി കുറഞ്ഞതാണ് രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണമെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

സാമ്പത്തിക മാന്ദ്യം പരിഹരിക്കാനെന്ന പേരിൽ സർക്കാർ ഖജനാവ് കോർപറേറ്ററുകൾക്ക് കൊള്ളയടിക്കാൻ നൽകിയിരിക്കയാണെന്നും യെച്ചൂരി ആരോപിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ രാജ്യത്തെ കോർപറേറ്റുകൾക്ക് ഏകദേശം രണ്ടര കോടിയോളം രൂപയുടെ നികുതിയിളവാണ് അനുവദിച്ചതെന്നും യെച്ചൂരി പറഞ്ഞു.

ഇത്തരം തെറ്റായ നയങ്ങൾ വെടിഞ്ഞു ഖജനാവിലെ പണം ജനോപകാരപ്രദമായ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഭാഗത്ത് കോർപ്പറേറ്റ് പ്രീണനവും മറു ഭാഗത്ത് വർഗീയ വിഭാഗീയതയുമാണ് കേന്ദ്ര സർക്കാർ പുലർത്തി വരുന്നതെന്നും ഇതിനെതിരെയുള്ള ശക്തമായ പോരാട്ടമാണ് മതേതരശക്‌തികളെ കൂട്ടിച്ചേർത്ത് ഇടതുപക്ഷം നടത്തി വരുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

അന്ധേരി വെസ്റ്റ് ഗിൽബർട്ട് ഹിൽ പോലീസ് ചൗക്കിക്കു സമീപം നടന്ന പൊതുയോഗത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി എം കേന്ദ്ര സമിതി അംഗം മഹേന്ദ്ര സിങ്, മുംബൈ ജില്ലാ സെക്രട്ടറി ഡോ എസ് കെ റേഗേ, സംസ്ഥാന സമിതി അംഗങ്ങളായ ശൈലേന്ദ്ര കാംബ്ലെ, സി ഐ ടി യൂ മുൻ ജനറൽ സെക്രട്ടറി പി ആർ കൃഷ്ണൻ, ഡി വൈ ഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പ്രീതി ശേഖർ, കെ കെ പ്രകാശ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. ഒക്ടോബർ 17 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സി പി എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ട് പങ്കെടുക്കും.

മുംബൈക്കാരുടെ നാരായൺ ഭായി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുവേണ്ടി ഇത്തവണയും മലയാളിയായ .കെ നാരായണന്‍ മത്സര രംഗത്തെത്തുന്നത്. ഇത് രണ്ടാം തവണയാണ് അന്ധേരി വെസ്റ്റ് മണ്ഡലത്തിൽ നിന്നും നാരായണൻ ജനവിധി തേടുന്നത്.

അന്ധേരിയിലെ ചേരി നിവാസികൾക്കും വഴിയോര കച്ചവടക്കാർക്കും പ്രിയപ്പെട്ട ജന നായകനാണ് നാരായൺ ഭായ്.

നിർദ്ദനർക്ക് നീതി ലഭിക്കുന്നതിനായി നിരന്തരം പോരാടിയിരുന്ന നാരായണൻ ഇക്കുറി മികച്ച മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. കോഴിക്കോട് മാവൂര്‍ സ്വദേശിയാണ് കിടാത്തില്‍ നാരായണന്‍ എന്ന മുംബൈക്കാരുടെ നാരായൺഭായ്

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഗൾഫ് മോഹവുമായി മുംബൈയിലെത്തിയ നാരായണൻ വഞ്ചിക്കപ്പെടുകയായിരുന്നു.

പിന്നീടങ്ങോട്ട് നാരായണന്റെ മുംബൈ ജീവിതം ചേരിനിവാസികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കുമിടയിലാണ്. നഗരത്തിലെ അധികാര വർഗങ്ങളുമായി പോരാടി അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നതാണ് നാരായണന്റെ സമര രീതി.

ശരദ് പവാര്‍, ഛഗന്‍ ഭുജ്ബല്‍ തുടങ്ങി വമ്പന്മാരുടെ വന്‍കിട സ്കൂളുകളില്‍ ഏഴായിരത്തിലധികം നിർധന കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പ്രവേശനം വാങ്ങിക്കൊടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News