വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്‍റെ സഞ്ജു സാംസണിന് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 129 പന്തിൽ 21 ഫോറും 10 സിക്സും പറത്തിയ സഞ്ജു 212 റണ്‍സുമായി പുറത്താകാതെ നിന്നു.

സഞ്ജുവിന്‍റെയും സെഞ്ചുറി നേടിയ മുൻ നായകൻ സച്ചിൻ ബേബിയുടെയും (127) കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ മൂന്ന് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി.

എട്ടാം ഓവറിൽ 2ന് 31റണ്‍സ് എന്ന നിലയിൽ ഒത്തുചേർന്ന സഞ്ജു-സച്ചിൻ സഖ്യം  മൂന്നാം വിക്കറ്റിൽ അടിച്ചെടുത്തത് 338 റണ്‍സാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ – രാഹുല്‍ ദ്രാവിഡ് സഖ്യത്തിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും മറികടന്നത്.

66 പന്തിൽ സെഞ്ചുറി തികച്ച സഞ്ജു 125-ാം പന്തിൽ ഇരട്ട സെഞ്ചുറിയിൽ എത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ കന്നി സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കാനും മലയാളി താരത്തിന് കഴിഞ്ഞു. വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് സഞ്ജു. 2018ല്‍ ഉത്തരാഖണ്ഡിന്‍റെ കര്‍ണ്‍ വീർ കൗശലാണ് വിജയ് ഹസാരയില്‍ ഇരട്ടസെഞ്ചുറി നേടിയ ആദ്യതാരം.

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് സഞ്ജു. സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, രോഹിത് ശർമ, ശിഖർ ധവാൻ, കർണ കൗശൽ എന്നിവരാണ് സഞ്ജുവിന് മുൻപേ നേട്ടം കൊയ്തവർ. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടവും സഞ്ജുവിന്‍റെ പേരിലായി.

ഒപ്പം ബാറ്റ് ചെയ്ത സച്ചിൻ ബേബി മികച്ച പിന്തുണയാണ് സഞ്ജുവിന് നൽകിയത്. 135 പന്ത് നേരിട്ട സച്ചിൻ ഏഴ് ഫോറും നാല് സിക്സും പറത്തിയാണ് 127 റണ്‍സ് നേടിയത്.