ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയ രീതിയും ജോളി പൊലീസിനോട് വിശദീകരിച്ചു. കൈവിരലില്‍ മുറിവില്ല എന്ന് ഉറപ്പാക്കിയ ശേഷം നഖംകൊണ്ട് പൊടിച്ചാണ് ഭക്ഷണത്തില്‍ കലര്‍ത്തിയിരുന്നത്. കൈയില്‍ മുറിവുണ്ടെങ്കില്‍ സയനൈഡ് സ്വന്തം ശരീരത്തില്‍ ബാധിക്കും എന്നതാണ് മുറിവുകളില്ല എന്ന് ഉറപ്പാക്കാന്‍ കാരണം.

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം പ്രതികളെ കൊല്ലപ്പെട്ട മാത്യു മഞ്ചാടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് ഭക്ഷണത്തിനായി താമരശേരി ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി വാങ്ങിയ ചിക്കന്‍ ബിരിയാണി തന്നെയാണ് ജോളിക്കും നല്‍കിയത്. ഇതില്‍നിന്ന് അല്‍പ്പം കഴിച്ചു. ഭക്ഷണശേഷം മൂന്നോടെ പുലിക്കയത്തുള്ള ഷാജുവിന്റെ വീട്ടില്‍ തെളിവെടുപ്പിന് ഹാജരാക്കി.