താമസ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് രണ്ടു വര്‍ഷത്തിനിടെ 39,88,685 വിദേശികള്‍ സൗദിയില്‍ പിടിയിലായി. ഇതില്‍ 9,91,636 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017 നവംബര്‍ 14 ന് പൊതുമാപ്പ് അവസാനിച്ചതിനു പിന്നാലെയാരംഭിച്ച റെയ്ഡിലാണ് ഇത്രയും വിദേശികള്‍ പിടിയിലായത്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലൃള്ള റെയ്ഡ് തുടരുകയാണ്. പിടിയിലായവരില്‍ 31,16,030 പേര്‍ ഇഖാമ നിയമ ലംഘകരും 6,14,054 പേര്‍ തൊഴില്‍ നിയമ ലംഘകരും 2,58,601 പേര്‍ നുഴഞ്ഞു കയറ്റക്കാരുമാണ്. ഇതില്‍ 6,66,849 പേരെ അവരുടെ നാടുകളിലേക്ക്‌ ഉടന്‍ തിരിച്ചയക്കും. ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടി സ്വീകരിച്ചു.

യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 5,06,614 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കാന്‍ എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും സഹായം തേടിയതായും മന്ത്രാലയം വ്യക്തമാക്കി. 5,52,700 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കിയതിന് 4,606 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ച് നാടുകടത്തി.

സമാനമായ കുറ്റത്തിന് 1,628 സൗദികളും പിടിയിലായി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 64,449 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇതില്‍ 15,024 നിയമ ലംഘകരെ നിയമാനുസൃത നടപടികള്‍ക്ക് വിധേരയാക്കി. അതിര്‍ത്തികള്‍ വഴി അനധികൃതമായി വിദേശങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച 2,830 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.