ശമ്പളം മുടങ്ങുന്നു; ബിഎസ്എന്‍എൽ ജീവനക്കാരുടെ നിരാഹാര സമരം 18ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്ലിന്റെ(എയുഎബി) നേതൃത്വത്തില്‍ സമരം നടക്കുക.

സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരെ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി. ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ഒരു ദിവസത്തെ നിരാഹാര സമരത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി- സര്‍ക്കിള്‍ സെക്രട്ടറി -ജില്ലാ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടീവുകള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പ്രകടനവും ഇതോടൊപ്പം നടക്കും. സമരത്തിന് ശേഷം 21ന് വീണ്ടും യോഗം ചേര്‍ന്ന് കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും.

എല്ലാ മാസവും കൃത്യസമയത്ത് ശമ്പളം നല്‍കുക, സെപ്തംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുക, കരാര്‍/ കാഷ്വല്‍ തൊഴിലാളികളുടെ ശമ്പളം കൊടുത്തുതീര്‍ക്കുക, ഫോര്‍ ജി സ്‌പെക്ട്രം ഉടനടി ലഭ്യമാക്കുക, ചെറുകിട വായ്പാ സംവിധാനമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here