ആൾക്കൂട്ടക്കൊല ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിച്ച്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയ ആറു വിദ്യാർഥികളെ മഹാരാഷ്‌ട്രയിലെ വാർധ സർവകലാശാല പുറത്താക്കി. മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തിലെ വിദ്യാർഥികളെയാണ്‌ 2019 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ചട്ട ലംഘനം നടത്തിയെന്നുകാട്ടി പുറത്താക്കിയത്‌.

ധർണയും പ്രകടനവും നടത്തിയതിനാണ്‌ നടപടി. നൂറോളം വിദ്യാർഥികൾ പരിപാടിയിൽ സംബന്ധിച്ചുവെങ്കിലും ദളിത്‌, ഒബിസി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ മാത്രമാണ്‌ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന്‌ പുറത്താക്കപ്പെട്ടവർ പറഞ്ഞു.

സർവകലാശാലയുടെ നടപടിക്കെതിരെ പ്രതികരിക്കാൻ വിദ്യാർഥി സംഘടനാകൂട്ടായ്‌മയായ ഐസ ആഹ്വാനംചെയ്‌തു. പ്രതികരിക്കാനുള്ള അവകാശമാണ്‌ തടയുന്നത്‌. ഉന്നാവ്‌ ബലാത്സംഗം, ചിന്മയാനന്ദിന്റെ പീഡനക്കേസ്‌, കശ്‌മീർ വിഷയം, തബ്‌റേസ്‌ അൻസാരിയുടെ ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ്‌ പ്രതിഷേധിച്ചത്‌. മോഡിക്ക്‌ കത്തയക്കുകയും ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചട്ടം ലംഘിച്ചതിനാണ്‌ നടപടിയെന്ന്‌ വിസി കൃഷ്‌ണകുമാർ സിങ്ങ്‌ പറഞ്ഞു.