രണ്ടുപേരെക്കൂടി കൊല്ലാൻ തീരുമാനിച്ചിരുന്നതായി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി. രണ്ടാം ഭർത്താവ് ഷാജു, സുഹൃത്ത് ബിഎസ്‌എൻഎൽ ജീവനക്കാരൻ ജോൺസന്റെ ഭാര്യ എന്നിവരെയാണ് ലക്ഷ്യമിട്ടത്. ഷാജുവിനെ ഇല്ലാതാക്കിയശേഷം ജോൺസനെ വിവാഹം കഴിച്ച് ആശ്രിത നിയമനത്തിലൂടെ സ്ഥിരംജോലി സമ്പാദിക്കാനായിരുന്നു മോഹം. രണ്ട് ദിവസമായി പൊലീസ് കസ്‌റ്റഡിയിലുള്ള ജോളി അന്വേഷണ സംഘത്തിന് മുന്നിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2015ൽ ജോളി മക്കളെ നീന്തൽ പഠിപ്പിക്കാൻ പോകുമ്പോഴാണ് ജോൺസണെയും ഭാര്യയെയും പരിചയപ്പെട്ടത്. യാത്രകൾക്കും ഷോപ്പിങ്ങിനും സിനിമയ്‌ക്കും കുടുംബസമേതം പോയിട്ടുണ്ട്. അതിനിടെ ജോളിയുമായുള്ള ജോൺസന്റെ ബന്ധം അതിരുവിട്ടു. ഇതറിഞ്ഞ ജോൺസന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. തുടർന്ന് പള്ളിയിൽ നടത്തിയ ചർച്ചയിൽ ഇടപെട്ട പൊലീസ് താക്കീത് ചെയ്‌തു.ജോൺസണ് കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റമായതോടെ ബന്ധം കൂടുതൽ ദൃഢമായി. ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയപ്പോഴാണ് വിഷം കലർത്തിയ ഭക്ഷണം നൽകിയതെന്ന് ജോളി പൊലീസിന് മൊഴി നൽകി. അത് കഴിക്കാതിരുന്നതിനാൽ ലക്ഷ്യം കണ്ടില്ല. എന്നാൽ, ഇത്തരം ശ്രമം നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നാണ് ജോൺസന്റെ കുടുംബാംഗങ്ങൾ പറയുന്നത്.
ജോളി പലപ്പോഴും കോയമ്പത്തൂരിലേക്ക് യാത്രകൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓണാവധിക്ക് കട്ടപ്പനയിലെ വീട്ടിലേക്കെന്നുപറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കാണ്. ഇക്കാര്യം ഫോൺ രേഖകളിലും തെളിഞ്ഞു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അതിനിടെ ഷാജുവിന്റെ മകൾ ആൽഫൈനെ കൊന്നത് താൻ തന്നെയെന്ന് ജോളി സമ്മതിച്ചു. വെള്ളിയാഴ്‌ച ഇത് നിഷേധിച്ചിരുന്നു. ബാഗിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.