കൂടത്തായി കേസ്, അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘം ഇന്ന് കൂടത്തായി എത്തും. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നതൃത്വത്തിലുള്ള പ്രത്യേകസംഘം പൊന്നാമറ്റം വീട് പരിശോധിക്കും. അന്വേഷണ സംഘവുമായും ഇവർ ചർച്ച നടത്തും. ജോളി അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും .

ശാസ്ത്ര – സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ഇന്ന് കൂടത്തായി എത്തുക. കൊല നടന്ന പൊന്നാമറ്റം അടക്കമുള്ള വീടുകളിൽ ഇവർ പരിശോധന നടത്തും. കേസ് അന്വേഷണത്തെ സഹായിക്കാനായാണ് ഇത്തരമൊരു ടീമിനെ ഡി ജി പി നിയോഗിച്ചത്. ഐ.സി.റ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്‍റെ നതൃത്വത്തിലുള്ള സംഘത്തിൽ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ പോലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവർ അംഗങ്ങളാണ്. പരിശോധനകൾക്ക് ശേഷം ഇവർ വടകരയിലെത്തി അന്വേഷണ സംഘവുമായി ചർച്ച നടത്തും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വിപുലമായ ടീമിനെ അന്വേഷണ സംഘത്തെ സഹായിക്കാനായി നിയോഗിക്കുന്നത്.

ഡിജിപി നൽകിയ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും പ്രതികളുടെ ഇനിയുള്ള ചോദ്യം ചെയ്യലും അന്വേഷണവും. ജോളിയുടെ ചോദ്യം ചെയ്യൽ തുടരും. 6 കേസുകളിലായുള്ള ചോദ്യം ചെയ്യലാണ് നടക്കുക, മാതുവിനേയും ചോദ്യം ചെയ്യും. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സംശയമുള്ള കൂടുതൽ പേരിൽ നിന്നുള്ള വിവര ശേഖരണവും തുടരും.