മഴക്കെടുതി: 1.01 ലക്ഷം കുടുംബങ്ങൾക്ക്‌ 101 കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി സർക്കാർ

ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക്‌ 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ്‌ ഓരോ കുടുംബത്തിനും നൽകിയത്‌. കഴിഞ്ഞ ആഗസ്‌തിലെ കാലവർഷത്തിൽ സർക്കാർ ക്യാമ്പുകളിലേക്ക്‌ മാറി താമസിച്ചവരാണ്‌ ഈ കുടുംബങ്ങൾ. ബന്ധുവീടുകളിലേക്കും മറ്റും താമസിച്ചവർക്കും സഹായം നൽകും. ഇതിന്റെ കണക്കെടുപ്പ്‌ അന്തിമഘട്ടത്തിലാണ്‌. കഴിഞ്ഞ വർഷത്തെ പ്രളയത്തിന്‌ ഇരയായ കുടുംബങ്ങൾക്കും ഈ തുക നൽകിയിരുന്നു.

സഹായത്തിന്‌ അർഹരായവരുടെ അക്കൗണ്ടിലേക്ക്‌ നേരിട്ടാണ്‌ ഇപ്രാവശ്യം പണം നിക്ഷേപിച്ചത്‌. കോഴിക്കോട്‌ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽപേർക്ക്‌ പണം ലഭിച്ചത്‌. ഇവിടെ 19,043 കുടുംബങ്ങൾക്ക്‌ 190430000 രൂപ നൽകി. കുടുതൽ മരണം സംഭവിച്ച മലപ്പുറം ജില്ലയിൽ 17,155 കുടുംബങ്ങൾക്കായി 17,15,50,000 രൂപയും വയനാട്ടിൽ 8542 കുടുംബങ്ങൾക്കായി 8,54,20,000 രൂപയും നൽകി. മൊത്തം 67 താലൂക്കിലുള്ളവർക്കും പണം ലഭിച്ചു.

ക്യാമ്പിൽ എത്താതെ ബന്ധുവീടുകളിലേക്കുംമറ്റും മാറി താമസിച്ചവർക്കും പണം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. റവന്യൂ, തദ്ദേശഭരണ വകുപ്പുകൾ സംയുക്തപരിശോധന നടത്തിയാണ്‌ ഇവരുടെ പട്ടിക തയ്യാറാക്കുന്നത്‌. രണ്ടര ലക്ഷം കുടുംബങ്ങളിൽ പരിശോധന പൂർത്തിയായി. ഇവർക്കുള്ള തുകയും ഉടൻ നൽകും.

പണം ലഭിച്ച കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച്‌

തിരുവനന്തപുരം 53, കൊല്ലം 435, പത്തനംതിട്ട 2924, ആലപ്പുഴ 9142, കോട്ടയം 7295, ഇടുക്കി 477, എറണാകുളം 7078, തൃശൂർ 17885, പാലക്കാട്‌ 3374, കണ്ണൂർ 6400, കാസർകോട്‌ 1265.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here