മഞ്ചേശ്വരത്തെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വൻ ജനാവലിയാണ് എല്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയെ കേൾക്കാൻ എത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പിണറായിയുടെ പ്രസംഗം.

അത്യന്തം ആവേശത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കേരളത്തിന്റെ നായകനെ തുളു നാട് സ്വീകരിച്ചത്. എൽഡിഎഫ് പൊതു യോഗങ്ങൾ നടന്ന ഖത്തീബ് നഗറിലും പൈവളിഗയിലും ഉപ്പളയിലും പിണറായിയെ കേൾക്കാൻ ജനസഞ്ചയം ഒഴുകിയെത്തി.സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും എതിരാളികളുടെ ദുഷ് പ്രചരണങ്ങൾ തുറന്ന് കാട്ടിയും നടത്തിയ പ്രസംഗം നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സദസ്സ് ശ്രവിച്ചത്.

കൊടി തോരണങ്ങളാൽ പാതയോരങ്ങളെ ചെമ്പട്ടണിയിച്ചും ബൈക്ക് റാലികൾ നഗരം ചുറ്റിയും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടിയെ എൽ ഡി എഫ് പ്രവർത്തകർ ആഘോഷമാക്കി. മൂന്നാം ഘട്ടത്തിലേക്ക് കടന്ന എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ മാസ്റ്ററുടെ പ്രചാരണത്തിന് പുത്തൻ ആവേശമാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ലഭിച്ചത്.