സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ട് ത്രീയുടെ ഭാഗമായാണ് അറസ്റ്റ്. ഇന്റര്‍പോളും കേരള പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. 21 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് – ത്രീയുടെ ഭാഗമായ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് 21 സ്ഥാലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 20 കേസുകളും രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടികൂടി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു പോലീസ് നടപടി. ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു

ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്. വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായി ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പോലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിമാരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

വെളളിയാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here