മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നുള്ളത്; ജനങ്ങളില്‍ നിരാശ മാറി പ്രത്യാശ കൈവന്നു: മുഖ്യമന്ത്രി പിണറായി

മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന കേരളമല്ല ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളില്‍ നിരാശ മാറി പ്രത്യാശ കൈവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു റോയ് യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സുപ്രീം കോടതി അന്തിമ നിലപാടെടുത്താല്‍ അത് അംഗീകരിക്കുകയേ മാര്‍ഗ്ഗമുള്ളൂവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

രാജ്യത്ത് അഴിമതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയില്‍ നിന്ന് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക രംഗത്തുണ്ടായിരുന്ന ജീര്‍ണ്ണതയും മാറി.പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 53 ഇനങ്ങള്‍ മാത്രമാണ് നടപ്പാക്കാന്‍ ബാക്കിയുള്ളത്.

അത് നാലാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നടപ്പാക്കിയിരിക്കും. ദേശീയ പാത വികസനം, ഗെയില്‍ പദ്ധതി ഉള്‍പ്പടെ നടക്കില്ല എന്ന് വിചാരിച്ച പല പദ്ധതികളും യാഥാര്‍ത്ഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരട് ഫ്‌ലാറ്റ് വിഷയം സര്‍ക്കാരിന്റെ കൈയിലൊതുങ്ങുന്ന ഒന്നല്ല.സുപ്രീം കോടതി അന്തിമ നിലപാടെടുത്താല്‍ പിന്നെ അംഗീകരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സഹായരാണ്.കെട്ടിടം പൊളിച്ചു കളയണം എന്ന നിലപാടല്ല സര്‍ക്കാരിനുള്ളത്.എന്നാല്‍ നിയമ ലംഘനം അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News