ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ 11 പരമ്പര ജയവുമായി ഇന്ത്യക്ക് ലോകറെക്കോഡ്

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റണ്‍സിനും തകര്‍ത്ത് ഇന്ത്യ മണ്ടേലഗാന്ധി ട്രോഫി സ്വന്തമാക്കി. ഫോളോഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 189 റണ്‍സിന് എറിഞ്ഞിട്ടു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 11-ാം ടെസ്റ്റ് പരമ്പര ജയമാണിത്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സ് ലീഡുവഴങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംങിസിലും പിടിച്ചുനില്‍ക്കാനായില്ല. നാലാം ദിവസം തുടക്കത്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ (0) ഇഷാന്ത് മടക്കി . ഉമേഷ്, ത്യൂനിസ് ഡി ബ്രൂയിനെയും (8), അഞ്ചു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ അശ്വിനും മടക്കി. 48 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിനെയും അശ്വിന്‍ പുറത്താക്കി. ടെംബ ബവുമ (38), ക്വിന്റണ്‍ ഡിക്കോക്ക് (5), എസ്. മുത്തുസ്വാമി (9), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (22), കാഗിസോ റബാദ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 275 റണ്‍സിന് പുറത്താക്കിയതിനു പിന്നാലെ ഇന്ത്യ സന്ദര്‍ശകരെ ഫോളോഓണിനയക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here