ഐന്‍സ്റ്റീന്‍ ചലഞ്ച് എന്ന മോദിയുടെ മറ്റൊരു ജലകുമിള

ഒക്ടോബര്‍ രണ്ടിന്, ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ ‘എന്തുകൊണ്ട് ഇന്ത്യക്കും ലോകത്തിനും ഗാന്ധിയെ ആവശ്യമാണ്’ എന്ന ലേഖനത്തില്‍ ഒരു ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവച്ചിരുന്നു. ഗാന്ധിയെപ്പറ്റിയുള്ള ഐന്‍സ്റ്റീന്റെ പ്രസിദ്ധ പ്രസ്താവം ഉദ്ധരിച്ചശേഷം മോഡി എഴുതി: ‘ഗാന്ധിയോടുള്ള ബഹുമാനസൂചകമായി ഞാന്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് നിര്‍ദേശിക്കുകയാണ്.

ഗാന്ധിയുടെ ആദര്‍ശങ്ങള്‍ വരുംതലമുറകള്‍ ഓര്‍ക്കുമെന്ന് നാം എങ്ങനെ ഉറപ്പുവരുത്തും? ഗാന്ധിയുടെ ആദര്‍ശങ്ങള്‍ പ്രചുരമാക്കാനായി മുന്‍നിരയില്‍ നില്‍ക്കാന്‍ ഞാന്‍ ചിന്തകരെയും സംരംഭകരെയും ടെക്ക് മേധാവികളെയും ക്ഷണിക്കുന്നു.’

ലേഖനം തുടരുന്നത് ഗാന്ധി വിഭാവനംചെയ്തത് സങ്കുചിതമോ മറ്റുള്ളവരെ ഒഴിച്ചുനിര്‍ത്തുന്നതോ ആയ ഇന്ത്യന്‍ ദേശീയത ആയിരുന്നില്ലെന്ന് ഓര്‍മിപ്പിച്ചാണ്.

അവസാനിക്കുന്നതാകട്ടെ ലോകത്തിലെ ഹിംസയും വിദ്വേഷവും വ്യഥയും അവസാനിപ്പിക്കാന്‍ തോളോടുതോള്‍ ചേര്‍ന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന ആഹ്വാനത്തോടെയും. (എന്തൊരു വിരോധാഭാസം!) സമകാലിക ഇന്ത്യയെ സംബന്ധിച്ച് ഗാന്ധിയന്‍ ആദര്‍ശവും കാഴ്ചപ്പാടും ഉള്‍ക്കൊള്ളുന്ന ചില ഐന്‍സ്റ്റീന്‍ ചലഞ്ചുകളാണ് മോഡിയുടെ പരിഗണനയ്ക്കുവയ്ക്കുന്നത്.

(1) ജയ് ശ്രീറാം

ഇന്നത്തെ ഇന്ത്യയില്‍ ജയ് ശ്രീറാം കൊലവിളിയായി, യുദ്ധ കാഹളമായി പരിണമിച്ചിരിക്കുന്നുവെന്ന തിക്തസത്യം പരാമര്‍ശിച്ചതിനുകൂടിയാണ് 49 സാംസ്‌കാരികപ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

ഗാന്ധിയുടെ പൗത്രനായ രാജ്മോഹന്‍ ഗാന്ധി സ്വാതന്ത്ര്യലബ്ധിക്ക് രണ്ടു മാസംമുമ്പ് ഗാന്ധി പറഞ്ഞ ഒരു കാര്യം അനുസ്മരിക്കുന്നുണ്ട്: ‘ആരെങ്കിലും വാളുമായി എന്റെയടുത്തുവന്ന് രാമനാമം ജപിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കരുതുക. വാള്‍ത്തലപ്പിനു മുമ്പില്‍ രാമനാമം ഉരുവിടാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തുപറയും.

ജീവന്‍ കൊടുത്തായാലും എന്റെ മനഃസാക്ഷിയെ പ്രതിരോധിക്കും.’ വര്‍ഗീയ ഫാസിസ്റ്റുകളായ ആള്‍ക്കൂട്ടങ്ങള്‍ വര്‍ഷങ്ങളായി മുസ്ലിങ്ങളെയും ദളിതരെയും മര്‍ദിച്ച് അവശരാക്കി അവരോട് ജയ് ശ്രീറാം വിളിക്കാന്‍ അട്ടഹസിച്ചു പോരുന്നുണ്ട് എന്നത് പരമാര്‍ഥമാണ്.

ജാര്‍ഖണ്ഡിലെ മന്ത്രിയായ സി പി സിങ് കോണ്‍ഗ്രസ് എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ്. ഗാന്ധിയുടെ മേല്‍സൂചിപ്പിച്ച നിലപാട് ഭാവിതലമുറകളിലേക്ക് പകര്‍ന്നുനല്‍കേണ്ടതല്ലേ?

(2) ഗോമാംസം/ ആള്‍ക്കൂട്ടക്കൊലകള്‍

ഗോസംരക്ഷണത്തിന്റെയും ഗോമാംസഭോജനത്തിന്റെയും പേരില്‍ ആള്‍ക്കൂട്ട ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖ് മുതല്‍ പെഹ്ലൂഖാന്‍ വരെയുള്ളവരുടെ നീണ്ട പട്ടികയുണ്ട് നമുക്കു മുമ്പില്‍. ഇക്കാര്യങ്ങളില്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും മാട്ടിറച്ചിയോ പശുവിന്‍ പാലോ ഉപയോഗിച്ചിട്ടില്ലാത്ത (1918 മുതല്‍ ഗാന്ധി പതിവായി ആട്ടിന്‍ പാല്‍ കുടിച്ചിരുന്നു.

ഒരുവര്‍ഷം പരീക്ഷണാര്‍ഥം ആട്ടിറച്ചിയും കഴിച്ചിരുന്നു) ഗാന്ധിയുടെ നിലപാട് എന്തായിരുന്നുവെന്ന് മോഡിക്ക് വല്ല പിടിയുമുണ്ടോ?
ഗോഹത്യയെ ഗാന്ധി എതിര്‍ത്തിരുന്നുവെങ്കിലും ഗോസംരക്ഷണത്തിന്റെ പേരുപറഞ്ഞ് മുസ്ലിങ്ങളെ പൈശാചികവല്‍ക്കരിക്കുന്നതിനെയും ഗോരക്ഷയ്ക്കായി ഹിംസ പ്രയോഗിക്കുന്നതിനെയും ഗാന്ധി അതിരൂക്ഷമായി അപലപിച്ചിരുന്നു. ഗാന്ധി 1922ല്‍ യങ് ഇന്ത്യയില്‍ എഴുതി: ‘മതമല്ല, മതമില്ലായ്മയാണ് പശുവിനുവേണ്ടി ഒരു മുസ്ലിം സഹോദരനെ കൊല്ലുന്നതിനു പിന്നിലുള്ളത്.

സസ്യങ്ങള്‍ക്കും ജീവനുണ്ട്. പച്ചക്കറി തിന്നുമ്പോഴും നാം ഹിംസയില്‍ ഏര്‍പ്പെടുന്നുണ്ട്. ചില ഹിംസ ഒഴിവാക്കാനാകാത്തതാണ്. മാംസം കഴിക്കുന്നത് പച്ചക്കറി തിന്നുന്നതിനേക്കാള്‍ ഹിംസാത്മകമാണ്. എന്നാല്‍, മാംസം കഴിക്കുന്ന നിങ്ങളുടെ അയല്‍ക്കാരനെ കൊല്ലുന്നതാണ് അത്യന്തം ഹീനമായ ഹിംസ.’

യൗവനം പിന്നിടുന്നതുവരെ ഓരോ ഇന്ത്യക്കാരനും സസ്യഭോജനം നെഞ്ചോടുചേര്‍ത്തു പിടിക്കണമെന്ന് വാദിച്ചിരുന്ന ഗാന്ധി, 1920കളില്‍ സസ്യാഹാര ശാഠ്യം ഇന്ത്യക്കാരുടെ ഐക്യത്തെ പിളര്‍ക്കുമെന്ന് തിരിച്ചറിയുന്നുണ്ട്. മാംസഭോജനവും അഹിംസയും ചേര്‍ന്നുപോകുമോ എന്ന് അമേരിക്കയില്‍നിന്നു വന്ന ഒരു പത്രപ്രവര്‍ത്തകസംഘം ചോദിച്ചപ്പോള്‍ ഗാന്ധിയുടെ മറുപടി ഇതായിരുന്നു: ‘അവ ചേര്‍ന്നുപോകും.

സസ്യാഹാരവാദം മുസ്ലിങ്ങളെ ഹിന്ദുക്കളില്‍നിന്നും അവര്‍ണരെ സവര്‍ണരില്‍നിന്നും അകറ്റും. അഹിംസയിലധിഷ്ഠിതമായ സ്വരാജിനുവേണ്ടിയുള്ള സമരത്തില്‍നിന്ന് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മാംസാഹാരികളായ അനേകം ഹിന്ദുക്കളെയും ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല.’ സസ്യഭോജനവും മാനവ ഐക്യവുമെന്ന പ്രശ്നം മുന്നില്‍ വന്നപ്പോള്‍ മാനവികതയ്ക്കാണ് ഗാന്ധി പ്രാധാന്യം കൊടുത്തത്.

അദ്ദേഹത്തിന്റെ അഹിംസാദര്‍ശനത്തില്‍ സസ്യഭോജനം ഉള്‍പ്പെട്ടിരുന്നുവെങ്കിലും തന്റെ വിശ്വാസപ്രമാണങ്ങള്‍ സാര്‍വലൗകികമാണെന്ന് ഗാന്ധി അവകാശപ്പെട്ടില്ല.

ആ പത്രപ്രവര്‍ത്തകരോട് ഇതുകൂടി ഗാന്ധി പറഞ്ഞു: ‘സമ്പൂര്‍ണ സസ്യാഹാരികളേക്കാള്‍ സമാധാനപ്രിയരായ എത്രയോ മാംസാഹാരികളെ ഞാന്‍ കണ്ടിരിക്കുന്നു.’ഹിംസാത്മകമായ മാംസഭോജന നിഷേധം ഗാന്ധി വെറുത്തിരുന്നു. ഈ ഗാന്ധിയന്‍ നിലപാടുകള്‍ ഐന്‍സ്റ്റീന്‍ ചലഞ്ചിന്റെ ഭാഗമായി സംഘികളോടെങ്കിലും പരിരംഭണം ചെയ്യാന്‍ മോഡി ആവശ്യപ്പെടുമോ?

(3) രാജ്യദ്രോഹം

1870ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തുകയും 1898ല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ ചേര്‍ത്ത് ഭേദഗതി വരുത്തുകയും ചെയ്ത രാജ്യ ദ്രോഹവകുപ്പിനെപ്പറ്റി ഗാന്ധിയുടെ നിലപാട് എന്തായിരുന്നുവെന്ന് ഗാന്ധിഘാതകരുടെ പിന്മുറക്കാര്‍ക്ക് അറിയുമോ? യങ് ഇന്ത്യയില്‍ രണ്ടു ലേഖനം എഴുതിയതിനാണ് 124 എ വകുപ്പ് ചുമത്തി ബ്രൂംഫീല്‍ഡ് എന്ന ജഡ്ജി മനസ്സില്ലാമനസ്സോടെ ഗാന്ധിയെ ആറു വര്‍ഷം തടവിനു വിധിച്ചത്.

ബ്രൂംഫീല്‍ഡിനോട് ഗാന്ധി പറഞ്ഞു: ‘സര്‍ക്കാരിനോടുള്ള മമത തന്നത്താനെ ഉണ്ടാക്കിയെടുക്കാനോ നിയമം മുഖേന വ്യവസ്ഥാപനം ചെയ്യാനോ കഴിയില്ല.

പൗരന്റെ സ്വതന്ത്രനിഗ്രഹത്തിനായി ആസൂത്രണംചെയ്ത ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാഷ്ട്രീയവകുപ്പുകളിലെ രാജകുമാരനാണ് ഈ നിയമം.’ ഗാന്ധി തുടര്‍ന്നു: ‘ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള നീരസവും വിരോധവും പ്രചരിപ്പിക്കുന്നത് എന്റെയൊരു അഭിനിവേശമായി മാറിയിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

1962ല്‍ സുപ്രീംകോടതി രാജ്യദ്രോഹവകുപ്പിന്റെ ഭരണഘടനാ സാധുത സ്ഥിരീകരിച്ചെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വളരെ ശക്തമായ ഭാഷണമോ വീര്യമുള്ള വാക്കുകളുടെ ഉപയോഗമോ രാജ്യദ്രോഹക്കുറ്റത്തില്‍പ്പെടുത്താന്‍ പറ്റില്ലെന്ന് നിരീക്ഷിച്ചു. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ ഒരു സിനിമാ തിയറ്ററിന് മുമ്പില്‍വച്ച് ‘ഖാലിസ്ഥാന്‍ സിന്ദാബാദ് ‘, ‘രാജ് കരേഗ ഖല്‍സ’എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച സിഖുകാരെ 1995ല്‍ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ജനങ്ങളെ വിജൃംഭിതരാക്കി ക്രമസമാധാനപ്രശ്നവും സൈ്വരജീവിതത്തിന് അലങ്കോലവും വരുത്താത്ത കേവല മുദ്രാവാക്യങ്ങളെ രാജ്യദ്രോഹത്തില്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് അന്ന് പരമോന്നത നീതിപീഠം പറഞ്ഞത്. (ഈ മുദ്രാവാക്യത്തോട് സിനിമാ തിയറ്ററിനു പുറത്തുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല).

17-ാം നൂറ്റാണ്ടില്‍ രാജ്യദ്രോഹം നിയമമാക്കിയ ഇംഗ്ലണ്ട് പിന്നീട് അത് ഉപേക്ഷിക്കുമ്പോള്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന് ബ്രിട്ടനില്‍ ഈ നിയമത്തിന്റെ (കാലഹരണപ്പെട്ടതാണെങ്കിലും) ഔപചാരികമായ നിലനില്‍പ്പ് മറ്റു രാജ്യങ്ങളില്‍ രാഷ്ട്രീയ എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താനായി നിലനിര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ്.

ബാലഗംഗാധരതിലകനും ഗാന്ധിയും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരനായകന്മാരുടെ വിയോജനശബ്ദത്തെ അമര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചുള്ള ഈ നിയമം ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യമാണെന്ന് ഇന്ത്യക്കു പുറത്ത് എവിടെപ്പോയാലും പേര്‍ത്തും പേര്‍ത്തും പറയുന്ന താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഗാന്ധി പൗരസ്വാതന്ത്ര്യനിഗ്രഹത്തിന്റെ രാജകുമാരനായി വിശേഷിപ്പിച്ച ഈ നിയമത്തെ താങ്കളുടെ സര്‍ക്കാര്‍ പൂര്‍വാധികം ദൃഢമായി പുണരുന്നതെന്തിനാണ്? സര്‍ക്കാരിനും താങ്കളുടെ പാര്‍ടിക്കുമെതിരെയുള്ള ഏത് വിയോജനാഭിപ്രായത്തെയും കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ രാഷ്ട്രവിരുദ്ധമായും ദേശദ്രോഹമായും മുദ്രകുത്തുന്നത് ദിനചര്യയാക്കിയിട്ടുണ്ടല്ലോ.

ഐന്‍സ്റ്റീന്‍ ചലഞ്ച് താങ്കളുടെ മറ്റ് ഉദ്ദീരണങ്ങളെപ്പോലെ ജലകുമിളയല്ലെങ്കില്‍ രാജ്യദ്രോഹവകുപ്പിന്റെ സ്ഥാനം അസാധുവാക്കപ്പെട്ട നിയമങ്ങളുടെ ചവറ്റുകൂനയിലാണെന്ന് പറയാനുള്ള ആര്‍ജവം താങ്കള്‍ക്കുണ്ടാകേണ്ടതല്ലേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News