കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ , അതായത് പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ശേഷം കേരളത്തിലെ ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ വികസനത്തെപ്പറ്റി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ ?

കേരളത്തിന്റെ വികസനം ഈ സര്‍ക്കാര്‍ മുടക്കി എന്ന് പറയാന്‍ ആംപിയറുള്ള ഏതെങ്കിലും യുഡിഎഫ് നേതാക്കളെ നിങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കണ്ടിട്ടുണ്ടോ ?

വെറുതെ അതുമിതും പറഞ്ഞുകൊണ്ട് പൊയ്വെടി പൊട്ടിക്കുന്ന രമേഷടക്കമുള്ളവര്‍ക്ക് ഇതുവരെ വികസനത്തെപ്പറ്റി സംസാരിക്കാനുള്ള ആംപിയര്‍ ഉണ്ടായിട്ടില്ല… ഇക്കാലമത്രയും ഇവര്‍ പറഞ്ഞുകൊണ്ടിരുന്നത് ‘കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ വികസനം മുടക്കി’ എന്നാണ്..പക്ഷെ എന്തുകൊണ്ട് അത്തരമൊരുവാദം ഇപ്പോള്‍ അവര്‍ക്കുന്നയിക്കാന്‍ കഴിയുന്നില്ല എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഉത്തരം വളരെ ലളിതമാണ്…

ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതരത്തിലുള്ള സമഗ്രമായ , സര്‍വതല സ്പര്‍ശിയായ വികസനമാണ് കേരളത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി നടക്കുന്നത്.. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോയാല്‍ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ ഇപ്പോള്‍ തുടങ്ങിയതോ, മുന്നോട്ടുപോകുന്നതോ, പൂര്‍ത്തീകരിച്ചതോ ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെയും പിണറായി വിജയന്റെ കര്‍ക്കശ നിലപാടിനെയും ഭാഗമായാണ്.. ചില ഉദാഹരണങ്ങള്‍ ..

1: 10 വര്‍ഷം കാത്തിരുന്നിട്ടും നടക്കില്ല എന്ന് കരുതി ഗെയില്‍ ഉപേക്ഷിച്ചുപോയ പദ്ധതിയാണ് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി. ആ പദ്ധതിയാണ് മൂന്നരവര്‍ഷത്തെ ഭരണത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്..

2: 10 വര്‍ഷമായി മുടങ്ങിക്കിടന്ന കൊച്ചി ഇടമണ്‍ പവര്‍ ഇടനാഴി യാഥാര്‍ഥ്യമായി ..

3: ദേശീയപാതയുടെ വികസനത്തിനായി അവസാനകടമ്പയും കടന്നിരിക്കുന്നു … കേരളവും കേന്ദ്രവും ധാരണാപത്രം ഒപ്പിട്ടത് ഈ മാസം ആദ്യമാണ്..

4: കേരള ബാങ്കിനായി റിസര്‍വ് ബാങ്ക് (rbi) അനുമതി കൊടുത്തിരിക്കുന്നു .. കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നം യാഥാര്‍ഥ്യത്തോടടുക്കുന്നു..

ഇനി ഈ വിഷയങ്ങളിലെല്ലാം വികസനത്തിന്റെ അപോസ്തലന്മാരായ udf ന്റെ നിലപാട് നമുക്ക് പരിശോധിച്ചാലോ ?

1: ഗെയില്‍ പദ്ധതിയുടെ മുന്നോട്ടുപോക്കിനായി ചെറുവിരല്‍ പോലും ഭരണത്തിലിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും അനക്കിയില്ല.. പിന്നീടുവന്ന പിണറായി പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ ഇടങ്കോലുമായി വന്നവരാണ് യുഡിഎഫുകാര്‍.. ഗെയിലിന് കേരളം വിടാന്‍ 48 മണിക്കൂര്‍ കൊടുത്ത ഫിറോസിന്റെ ഐതിഹാസിക സമരമൊക്കെ അതില്‍പ്പെടും..

2: കൊച്ചി -ഇടമണ്‍ പദ്ധതി വിഎസ് സര്‍ക്കാര്‍ തുടങ്ങി.. പദ്ധതിയുടെ മുന്നേറ്റം നിലച്ചത് ചില പ്രതിഷേധങ്ങളിലാണ്.. ആ പ്രതിഷേധങ്ങള്‍ നടന്നത് പുതുപ്പള്ളിയിലാണ്.. ആ പ്രതിഷേധങ്ങളുടെ ചുക്കാന്‍ പിടിച്ച ആക്ഷന്‍ കൗണ്‍സില്‍ ഉത്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയെന്ന ‘വികസന നായകന്‍’ ആയിരുന്നു.. തുടര്‍ന്ന് ആ പദ്ധതി എങ്ങുമെത്താതെ പോയി..

അഞ്ചുകൊല്ലം ഭരിച്ച ആര്യാടനും ഉമ്മന്‍ചാണ്ടിയും ഒരുചുക്കും ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ചെയ്തില്ല .. കോടികള്‍ പ്രതിവര്‍ഷം കെഎസ്ഇബിക്ക് നഷ്ടം വന്നതുമാത്രം മിച്ചം.. ഭരണമേറ്റെടുത്ത് മൂന്നുവര്‍ഷം കൊണ്ട് സകല പ്രതിരോധങ്ങളെയും തരണംചെയ്ത് പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നു.. 500 മെഗാവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് തുല്യമാണ് ഈ പദ്ധതി.. അതായത് ഇടുക്കി പദ്ധതിയുടെ 70%ത്തോളം .

3: ഭൂമിയേറ്റെടുക്കാനോ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനോ ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല … ഭരണമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കണ്ട പിണറായി വിജയനോട് പരാതിരൂപേണ മോഡി പറഞ്ഞത് കേരളത്തില്‍ ഒരു വികസനപ്രവൃത്തിയും നടക്കുന്നില്ല എന്നാണ്.. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് ഗെയിലും ദേശീയപാതയും..

അന്ന് പിണറായി കൊടുത്ത വാക്കാണ് ഈ രണ്ടുപദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കും എന്നത്.. അതനുസരിച്ചു തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോയി .. അപ്പോഴും ഉടക്കുവെക്കാന്‍ നടന്നവരാണ് കോണ്‍ഗ്രെസ്സുകാര്‍ ..

കീഴാറ്റൂരിലെ എതിര്‍പ്പുകള്‍ കത്തിച്ചതും അതിന്റെകൂടെ കൂടി വലിയ വിഷയമാക്കിയതും കോണ്‍ഗ്രെസ്സാണ് .. നിരാഹാരവും സമരവുമൊക്കെയായി കൊണ്‌ഗ്രെസ്സ് സ്ഥലമേറ്റെടുപ്പിനു വിഘാതം സൃഷ്ട്ടിച്ചു ..അപ്പോഴും സ്വയമവര്‍ വിളിച്ചത് ‘വികസനവക്താക്കള്‍’ എന്ന് തന്നെയാണ് കേട്ടോ …

4: കേരളബാങ്കിനെതിരെ തുടക്കം മുതല്‍ എതിര്‍പ്പുമായി രമേശും കൂട്ടരും രംഗത്തുണ്ട് … ഉടക്കുവെക്കാനായി rbiക്ക് ഊമക്കത്തും അല്ലാതെയുമായി നടന്നവര്‍ അവരാണ്… ഇപ്പോഴും കേരള ബാങ്കിന്റെ ഭാഗമല്ലാതെ നില്‍ക്കുകയാണ് udf നിയന്ത്രിക്കുന്ന മലപ്പുറം ജില്ലാ ബാങ്ക് ..

ഇതൊക്കെയാണ് വികസന നായകരുടെ പണി .. ജമാ അത്തുകാരും പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള ഇസ്ലാമിക തീവ്രവാദികളും നാടിനെതിരെ നടത്തുന്ന സമരങ്ങള്‍ക്ക് ഐലേസാ പാടലായിരുന്നു ഇവരുടെ മൂന്നരവര്‍ഷക്കാലത്തെ പണി … കൂട്ടിനു കുറെ പരിസ്ഥിതി തീവ്രവാദികളും ഉണ്ടാകും … ഒപ്പം മാധ്യമ നുണയന്മാരും ..

പക്ഷെ അതിലൊന്നും വിറങ്ങലിച്ചുപോവുകയോ ഭയപ്പെട്ടുപോവുകയോ ചെയ്തില്ല പിണറായി സര്‍ക്കാര്‍ എന്നതുകൊണ്ടാണ് വികസനത്തിന്റെ വസന്തം തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞത് ..

വികസനങ്ങളുടെയോ ക്ഷേമപദ്ധതികളുടെയോ ലിസ്റ്റ് ഇവിടെ തീരുന്നില്ല …

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാതെ വര്‍ഷാവര്‍ഷം വര്‍ദ്ധിപ്പിച്ച് ആളുകളിലെത്തിക്കുന്നു … 34 ലക്ഷം പേര്‍ക്കാണ് അത് നല്‍കുന്നത് എന്നുകൂടി ഓര്‍ക്കുക …

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി ലാഭത്തിലാകുന്നു, ലാഭവിഹിതം സര്‍ക്കാരിലേക്കെത്തുന്നു

ഒന്നരലക്ഷത്തിലധികം വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു .. ഇതിനുപുറമെ 80 ലധികം ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ ഗുണഭോക്താക്കള്‍ക്കായി ഒരുങ്ങുന്നു ..

വിദ്യാഭ്യാസ മേഖല ലോകോത്തരമാകുന്നു .. ക്ളാസ്സുകള്‍ മൊത്തം ഹൈടെക്കാകുന്നു … സ്‌കൂളുകളില്‍ ഭക്ഷണവും പോഷകാഹാരങ്ങളും സമൃദ്ധമായി നല്‍കുന്നു … അതിന്റെയൊക്കെ ഭാഗമായി കൂടുതല്‍ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വരുന്നു ….നീതി ആയോഗിന്റെ ദേശീയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമതെത്തുന്നതും അത്തരം ഇടപെടലുകള്‍ കൊണ്ടാണ് …

ആരോഗ്യമേഖല ജനസൗഹൃദമാകുന്നു … സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യമേഖലയോടു കിടപിടിക്കുന്ന തരത്തില്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു .. നിപ അടക്കമുള്ള മാരക രോഗങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയുന്നു ..

എല്ലാ മഴക്കാലത്തും നാം കാണുന്നതാണ് അനിയന്ത്രിതമായ തോതില്‍ പടരുന്ന പകര്‍ച്ചവ്യാധികളും അതിന്റെ ഭാഗമായുള്ള മരണങ്ങളും .. പക്ഷെ ഇക്കഴിഞ്ഞ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ ഏറ്റവും കുറഞ്ഞ രീതിയിലാണ് നാം കണ്ടത് .. ആരോഗ്യരംഗത്തെ സമഗ്ര ഇടപെടലുകളുടെ ഫലമാണത് ..

മലയോര ഹൈവേകള്‍, പാലങ്ങള്‍ (പാലാരിവട്ടം പോലെയല്ല കേട്ടോ), പൊതുമരാമത്ത് പണികള്‍ അടക്കമുള്ള പദ്ധതികള്‍ക്കായി കിഫ്ബി വഴി അഞ്ച് സക്ഷം കോടി വകയിരുത്തുന്നു …

കിഫ്ബി പുതിയൊരു വികസനത്തിനുള്ള മാര്‍ഗമായി മാറുന്നു.. ബോണ്ട് ഇറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ക്ഷണിക്കുന്നു…

അതിലൊക്കെ പ്രധാനമാണ് നാം വീണ്ടെടുത്ത ഭരണരംഗത്തെ സംശുദ്ധത.. അഞ്ചുവര്‍ഷം പലതരം ലോബികളുടെയും മാംസവ്യാപാരത്തിന്റെയും ഇടനാഴികളായിരുന്ന ഭരണസിരാകേന്ദ്രങ്ങള്‍ ശുദ്ധീകരിക്കപ്പെടുന്നു …

മുട്ടുവേദനക്കുള്ള തിരുമ്മലും പാതിരാത്രിക്കുള്ള ഫോണ്‍വിളികളും അടക്കം നടത്തി പെണ്‍വാണിഭ കേന്ദ്രങ്ങളായി മാറിയ ഭരണകേന്ദ്രങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തിലേക്ക് മടങ്ങിയതും ഈ മൂന്നരവര്‍ഷത്തിലാണ്…

ഭരണമേറ്റെടുത്തയുടന്‍ പിണറായി വിജയന്‍ തന്റെ വികസന കാഴ്ചപ്പാട് ഇങ്ങനെ അവതരിപ്പിച്ചു.. ‘സര്‍വതലസ്പര്‍ശിയായ വികസനമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

ഏതെങ്കിലും പദ്ധതി ചിലര്‍ എതിര്‍ത്തു എന്നതുകൊണ്ടുമാത്രം ഉപേക്ഷിച്ചുപോകില്ല.. ന്യായമായ പരാതികള്‍ തീര്‍ച്ചയായും കേള്‍ക്കും പരിഹാരമുണ്ടാക്കും , പക്ഷെ പദ്ധതികള്‍ അതിന്റെ വഴിക്ക് നടക്കും.. വിവാദമുണ്ടാക്കി പദ്ധതികള്‍ മുടക്കിക്കളയാം എന്ന ധാരണ വേണ്ട..അതിനൊന്നും വഴങ്ങിക്കൊടുക്കില്ല’ ..

പിണറായി ഇത് പറഞ്ഞത് ഒരു മാധ്യമസ്ഥാപനത്തിന്റെ പരിപാടിയിലാണ് .. അവര്‍ക്കുകൂടിയുള്ള മറുപടിയായാണ് അദ്ദേഹമത് പറഞ്ഞതും..

പ്രിയപ്പെട്ട രമേശ് ചെന്നിത്തല / ഉമ്മന്‍ ചാണ്ടി നമുക്ക് വികസനത്തെക്കുറിച്ചൊന്നു സംസാരിച്ചാലോ ? വിശേഷിച്ചും തിരഞ്ഞെടുപ്പ് മാനിഫെസ്‌റോയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 542 എണ്ണവും നടപ്പിലാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെ ഒന്ന് കൌണ്ടര്‍ ചെയ്യാനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിക്കണ്ടേ ?