തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതി ‘ജം ഇയത്തൂല്‍ ഹു സാനിയ’ പ്രവര്‍ത്തകന്‍ പാലയൂര്‍ കറുപ്പംവീട്ടില്‍ മൊയ്നുദ്ദീന്‍ കാല്‍ നൂറ്റാണ്ടിനുശേഷം അറസ്റ്റിലാകുമ്പോള്‍ സിപിഐ എം പ്രവര്‍ത്തകരാണെന്ന കാരണത്താല്‍ നിരപരാധികളായ യുവാക്കളെയും അവരുടെ കുടുംബങ്ങളെയും പൊലീസും ഭരണനേതൃത്വവും വേട്ടയാടിയതിന്റെ ഭീകരതകൂടിയാണ് തെളിയുന്നത്.

കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ലോക്കല്‍ പൊലീസ് കേസ് അന്വേഷിച്ച് 7 സിപിഐ എം പ്രവര്‍ത്തകരെ പ്രതികളാക്കി കേസ് എടുത്തു. ഇവരില്‍ നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

സിപിഐ എം പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റൊരു കൊലക്കേസില്‍ പിടിയിലായ യഥാര്‍ഥ പ്രതികളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സുനിലിനെ കൊല ചെയ്തതും തങ്ങളാണെന്ന് അവര്‍ മൊഴി നല്‍കിയത്. അതോടെ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന 4 പേരും ജയില്‍മോചിതരായി.

എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നാല് സിപിഐ എം പ്രവര്‍ത്തകരും കുടുംബവും അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അവരുടെ ജീവിതം ദുരിതപൂര്‍ണമാക്കി. വീടുകളിലെ പ്രായമായവരും സ്ത്രീകളുമടക്കം പൊലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായി.

കേസില്‍ ഒന്നാം പ്രതിയായി ചേര്‍ക്കപ്പെട്ടതോടെ സിപിഐ എം പ്രവര്‍ത്തകന്‍ ബിജിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. റഫീക്കായിരുന്നു രണ്ടാം പ്രതി.

മകന്‍ കൊലക്കേസില്‍ പ്രതിയായതറിഞ്ഞ പിതാവ് ഗള്‍ഫ് ഉപേക്ഷിച്ചു മടങ്ങിയതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു. മൂന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട ബാബുരാജ് സ്വകാര്യബസില്‍ കണ്ടക്ട്ടറായിരുന്നു.

അച്ഛന്‍ മരിച്ച ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബാബുരാജിന്റെ കുടുംബം പട്ടിണിയിലായി, ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയും മരുന്നും മുടങ്ങി.

നാലാം പ്രതിയായ തുപ്രാടന്‍ ഹരിദാസന്റെ കുടുംബവും ദുരിതത്തിലായി. കോണ്‍ഗ്രസ്സിലെ അക്കാലത്ത് സജീവമായിരുന്ന തിരുത്തല്‍വാദ ഗ്രൂപ്പില്‍ പെട്ട ജെയിംസ്, ജെയ്സണ്‍ എന്നിവരെയും കരുണാകരന്‍ പൊലീസ് കേസില്‍ പ്രതികളാക്കി.

തൃശൂര്‍ സെഷന്‍സ് കോടതി ബിജി , ബാബുരാജ് , ഹരിദാസന്‍ , റഫീക്ക് എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്കായിരുന്നു ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥ ഉള്ളതിനാല്‍ ഇത് ജീവപര്യന്തമായി.

ഇതിനിടെ തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ അന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സുനില്‍ വധക്കേസില്‍ തീവ്രവാദ സംഘനകള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി.

കേസില്‍ ശിക്ഷക്കപ്പെട്ട സിപിഐ എം പ്രവര്‍ത്തകര്‍ ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1997ല്‍ കോടതി സിപിഐ എം പ്രവര്‍ത്തകരെ വെറുതെവിടുകയായിരുന്നു. തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു.

കൊലപാതകം നടത്തിയത് സിപിഐ എമ്മുകാര്‍തന്നെയാണെന്നായിരുന്നു അന്ന് പത്രങ്ങളുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും ആരോപണം.

ഇതിന് തലേന്ന് ഗുരുവായൂര്‍ സ്വദേശി കെണിമംഗലം ജോയിയെ ചിലര്‍ വെട്ടിയതിന് പ്രതികാരമായാണ് കൊലപാതകമെന്ന് കോണ്‍ഗ്രസും പൊലീസും പ്രചരിപ്പിച്ചു. തീവ്രവാദ സംഘത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരുകള്‍ തയ്യാറായില്ല.

ഇടതുപക്ഷപ്രവര്‍ത്തകരായിപ്പോയെന്ന ഒറ്റ കാരണത്താല്‍ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് ഇപ്പോള്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ ബാബുവും ബിജിയും പറഞ്ഞു.

എതിരഭിപ്രായക്കാരെ ഏതുവിധേനയും തകര്‍ക്കുകയെന്ന കോണ്‍ഗ്രസിന്റെ കുടിലബുദ്ധിയാണ് തന്നെ കുരുക്കിയതിന് പിന്നിലെന്ന് എ ഡി ജയിംസ് പറഞ്ഞു.

കടന്നാക്രമണങ്ങള്‍ക്കും ജയില്‍ ജീവിതത്തിനും പീഡനങ്ങള്‍ക്കും തളര്‍ത്താനാവാത്ത പോരാട്ടവീറിനാല്‍ അതിജീവിക്കുമ്പോഴും ഈ മനുഷ്യജീവിതങ്ങളുടെ നഷ്ടപ്പെട്ട ഇന്നലകള്‍ക്ക് രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും മറുപടി പറയേണ്ടതുണ്ട്.