പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: എൽഡിഎഫ്‌ സർക്കാരിന്റെ നാലാംവർഷം പൂർത്തിയാകുമ്പോൾ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

600 പദ്ധതികൾ അവതരിപ്പിച്ചതിൽ 53 എണ്ണം മാത്രമാണ്‌ ഇനി നടപ്പാക്കാനുള്ളത്‌. വർഷംതോറും സർക്കാരിന്റെ പ്രവർത്തനത്തിന്റെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചതും പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ നടപ്പാക്കിയതും രാജ്യത്ത്‌ ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ പൗരപ്രമുഖരുമായുള്ള മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നരവർഷം മുമ്പുണ്ടായിരുന്ന അവസ്ഥയിൽനിന്നുള്ള മാറ്റം സംസ്ഥാനത്താകെ പ്രകടമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ്‌ ഭരണത്തിൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമായിരുന്നു കേരളം. അതുമാറി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി.

ഒട്ടേറെ വ്യവസായ നിക്ഷേപവും ഇവിടേക്കു വരുന്നു. ഇവിടെ ഒന്നും നടക്കില്ലെന്ന പൊതുധാരണയ്‌ക്ക്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മാറ്റമുണ്ടായി.

ദേശീയപാത വീതികൂട്ടൽ നടക്കില്ലെന്നായിരുന്നു പലരുടെയും ധാരണ. എതിർപ്പുകളുണ്ടായിരുന്നു. മടിച്ചുനിന്നവരെല്ലാം നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനൽകി.

ഏറ്റെടുക്കുന്ന ഭൂമിക്ക്‌ 25 ശതമാനം തുക സംസ്ഥാനം നൽകാൻ ധാരണയായി. സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി രണ്ടു റീച്ചിൽ നിർമാണം ആരംഭിക്കാനുള്ള നടപടികൾക്കും തുടക്കമായി. ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ പൂർത്തിയാകുന്നു. പവർഹൈവേ പദ്ധതി പൂർത്തിയാക്കി ചാർജുചെയ്‌തു.

യുഡിഎഫ്‌ സർക്കാർ അധികാരത്തിലിരിക്കെ പദ്ധതിച്ചെലവ്‌ 61 ശതമാനം മാത്രമായിരുന്നത്‌ ഇപ്പോൾ 90 ശതമാനത്തിനു മുകളിലാണ്‌. നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും വർധിച്ചു. 2.34 ലക്ഷം ഹെക്ടർ സ്ഥലത്ത്‌ അധികമായി നെൽക്കൃഷിയിറക്കി.

131 കോടി രൂപയുടെ നഷ്ടം പേറിയിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ന്‌ 258 കോടി രൂപ ലാഭത്തിലാണ്‌. ശബരിമല വികസനത്തിന്‌ യുഡിഎഫ്‌ സർക്കാർ ആകെ കൊടുത്തത്‌ 212 കോടി രൂപമാത്രം.

ഈ സർക്കാരാകട്ടെ ഇതിനകം 1273 കോടി രൂപ കൊടുത്തുകഴിഞ്ഞു. ജനങ്ങളോടു പറഞ്ഞത്‌ മുഴുവൻ നടപ്പാക്കാനാണ്‌ ശ്രമം. ജനങ്ങളോടും നാടിനോടും പ്രതിബദ്ധതയുള്ളതുകൊണ്ടാണ്‌ എൽഡിഎഫ്‌ സർക്കാരിന്‌ അതിനു കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News