പ്രശസ്ത സംഗീതജ്ഞൻ ബിഎ ചിദംബരനാഥിന്റെ ശിഷ്യൻ സംവിധായക്കുപ്പായമണിയുമ്പോൾ.. വിജിത്ത് നമ്പ്യാർ മനസ്സ് തുറക്കുന്നു

പ്രശസ്ത സംഗീതജ്ഞൻ ബിഎ ചിദംബരനാഥിന്റെ ശിഷ്യൻ വിജിത്ത് നമ്പ്യാർ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും സംഗീത ജീവിതത്തെക്കുറിച്ചും കൈരളി ന്യൂസ് ഓൺലൈനുമായി സംസാരിച്ചപ്പോൾ…..

ആദ്യ സിനിമയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു? പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ?

സിനിമയിലേക്ക് ഞാൻ ആദ്യമായി എത്തുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിലാണ്. സിനിമയിൽ ട്രാക്ക് പാടുവാനായാണ് വരുന്നത് പിന്നെ അതെ സമയം തന്നെ തമിഴ് സീരിയലുകൾ കൂടാതെ ചില തമിഴ് ചിത്രങ്ങളിലും സഹ സംവിധായകനായി ഞാൻ ജോലി ചെയ്തിരുന്നു. അവിടെ നിന്ന് പിന്നെ നീണ്ട ഇടവേളയിലേക്ക് പോയി. അതിന് ശേഷം രണ്ടായിരത്തി പതിനാറിലാണ് ഞാൻ സിനിമയിലേക്ക് തിരിച്ചു വരുന്നത്. സംസ്കൃതത്തിലായിരുന്നു ആ ചിത്രം ഒരുക്കിയത്. ‘അനിരുക്തി’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ലോകത്തിലെ തന്നെ ആദ്യത്തെ ത്രീഡി സംസ്കൃത ചിത്രമാണത്. ആ സിനിമയുടെ സഹനിർമ്മാതാവും അസോസിയേറ്റ് ഡയറക്റ്ററുമായിരുന്നു ഞാൻ. അതിന് ശേഷം വാണിജ്യ മൂല്യമുള്ള സിനിമ ചെയ്യാൻ നല്ല തിരക്കഥ നോക്കിയിരിക്കുകയായിരുന്നു. ആ സമയത്താണ് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ഇറോസിന്റെ പ്രതിനിധിയുമായി ഒരു മീറ്റിങ്ങ് നടക്കുന്നത് .ആ മീറ്റിങ്ങിൽ നിന്നാണ് മുന്തിരി മൊഞ്ചന്റെ എഴുത്തുകാരൻ മനു ഗോപാലിനെ പരിചയപ്പെടുന്നതും ആ സിനിമ എന്നിലേക്ക് എത്തുന്നതും. മുന്തിരി മൊഞ്ചനെക്കുറിച്ച് പറയുകയാണെങ്കിൽ അത് ഒരു ഫീൽ ഗുഡ് റൊമാന്റിക്ക് സിനിമയാണ്. ഫീൽ ഗുഡ് ചിത്രങ്ങളോട് എനിക്ക് വലിയ താൽപ്പര്യമാണ്.

പ്രത്യേകിച്ചും സംഗീത പരമായി ഉയർന്നു നിൽക്കുന്ന സിനിമ കൂടി ചെയ്യാനാണ് എനിക്ക് താൽപര്യം അതെല്ലാം ഒത്തുവന്നതാണ് ഈ സിനിമ .സിനിമയെക്കുറിച്ച് നല്ല പ്രതീക്ഷയാണ് ഉള്ളത്.നന്നായി തന്നെ വന്നിട്ട് ഫൈനൽ ഔട്ട്. ഇതുവരെ രണ്ടു ഗാനങ്ങൾ ആണ് പുറത്തിറങ്ങിയിട്ടുള്ളത് രണ്ടിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.

ഉള്ളിൽ ഒരു സംവിധായകൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്?

ഒരു സംവിധായകനാകാൻ സാധിക്കുമെന്ന് തിരിച്ചറഞ്ഞത് എപ്പോഴാണെന്ന് വച്ചാൽ ഞാൻ നേരത്തെ പറഞ്ഞതു പോലെ മ്യൂസിഷൻ ആയിട്ടാണ് സിനിമയിൽ കരിയർ സ്റ്റാർട്ട് ചെയ്തതെങ്കിലും തൊണ്ണൂറ്റി ആറ് തൊണ്ണൂറ്റി ഏഴ് കാലഘട്ടത്തിൽ ഞാൻ രാജ് ടീവിയിൽ വരുന്ന സീരിയലുകൾക്ക് വേണ്ടി പാടാൻ പോകാറുണ്ടായിരുന്നു . കെ ബാലചന്ദ്രർ സാറിന്റെ കവിതാലയ പ്രൊഡക്ഷൻസാണ് അതിൽ ഒട്ടുമിക്കവയും നിർമ്മിച്ചത്. അങ്ങനെയിരിക്കെ ഒരു തവണ സീരിയലിന് പാടിയതിന് ശേഷം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ സിരിയലിന്റെ സംവിധായകൻ ഗുഹൻ അതിന്റെ മ്യൂസിക്ക് ഡയറക്ടർ എന്നിവർക്ക് ഒപ്പം സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ. അതൊരു വിജയദശമി നാൾ ആയിരുന്നു. ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ ബാലചന്ദ്രർ സാർ അവിടെ വരികയും സംസാരം തുടരുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി എന്റെ മുഖത്ത് നോക്കിച്ചോദിച്ചു തനിക്ക് സംവിധാനത്തിൽ താൽപര്യം ഉണ്ടോയെന്ന്. പെട്ടെന്നുള്ള ചോദ്യമായതു കൊണ്ട്‌ ഞാൻ ആദ്യം ഒന്നും പറഞ്ഞില്ല.

എന്റെ കൂടെയുള്ളവർ അദ്ദേഹത്തോട് പറഞ്ഞു ആള് മ്യൂസിഷനാണ് സംവിധാനത്തിന്റെ ആളല്ല. പക്ഷേ അദ്ദേഹം വീണ്ടും ആ ചോദ്യം ആവർത്തിച്ചു.ഒരു കൈ നോക്കി കൂടെയെന്ന്. അങ്ങനെയായപ്പോൾ ഒന്നു ട്രൈ ചെയ്യാം എന്ന് വിചാരിച്ച് രാജ് ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു സീരിയലിൽ സഹസംവിധായകനായി ചേർന്നു.തുടർന്ന് മൂന്ന് നാല് തമിഴ് പ്രൊജക്റ്റിന്റെ കൂടെ ഭാഗമാകാൻ സാധിച്ചു. അങ്ങനെയാണ് സംവിധായകൻ ആകാനുള്ള കോൺഫിഡൻസ് ഉണ്ടാകുന്ന്. അതിന് കാരണമായി മാറിയത് ദൈവാനുഗ്രഹം കൊണ്ട് ബാലചന്ദ്രർ സാറും.

സംഗീതരംഗത്ത് നിന്ന് അപൂർവ്വം ആളുകളെ സിനിമാ സംവിധായകർ ആയി എത്തിയിട്ടുള്ളു .സംഗീത സംവിധായകർ സിനിമ സംവിധായകർ ആയി വരുമ്പോൾ ഉള്ള പ്രധാന ഗുണങ്ങൾ?

അതെ സംഗീത സംവിധായകരുടെ ഇടയിൽ നിന്ന് സംവിധാന രംഗത്തേക്ക് വന്ന ആളുകൾ വളരെ കുറച്ചെയുള്ളു. അതിൽ എന്റെ മെയിൻ ഐ ഡോൾ എന്ന് പറയുന്നത് സഞ്ജയ്ലീല ബെൻസാലി-വിശാൽ ഭരദ്വാജ് എന്നിവരാണ് സംഗീത സംവിധായകരായ സിനിമ സംവിധായകർ ഇപ്പോൾ മലയാളത്തിൽ നോക്കുകയാണെങ്കിൽ നാദിർഷിക്കയുണ്ട്. ഇതിൽ ഏറ്റവും വലിയ ഗുണം എന്താന്നു വച്ചാൽ ഒരു സംവിധായകൻ എന്ന നിലയിൽ ചിത്രീകരിക്കുന്ന രംഗങ്ങൾക്ക് അനുസരിച്ച് കൃത്യമായ ഈണം നൽകാൻ സാധിക്കും എന്നത് തന്നെയാണ്. നേരമറിച്ച് ഒരു സംവിധായകൻ മറ്റൊരു മ്യൂസിക്ക് ഡയറക്ടറുടെ അടുത്ത് ചെല്ലുമ്പോൾ അവർ തമ്മിൽ ഉള്ള കമ്മ്യൂണിക്കേഷൻ കറക്റ്റായി വന്നില്ലായെങ്കിൽ അവർ ഉണ്ടാക്കുന്ന പാട്ട് വർക്ക് ഔട്ട് ആവാതെ വരും. പക്ഷേ ഒരു മ്യൂസിക്ക് ഡയറക്റ്റർ സംവിധായകനാകുമ്പോൾ അതെല്ലാം മറികടക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.

സിനിമ സംഗീതരംഗത്ത് സംഗീതജ്ഞൻ എന്ന നിലയിൽ നോക്കികാണുന്ന പ്രധാന മാറ്റങ്ങൾ എന്തെക്കെയാണ്? അതായത് പഴയ പാട്ടുകൾ എടുത്തു നോക്കിയാൽ ഏറെയും കാവ്യ ഗുണം ഉള്ളവയാണ് എന്നാൽ ഇപ്പോൾ പല പാട്ടുകളും അങ്ങനെയല്ല എന്ത് തോന്നുന്നു?

പഴയ പാട്ടുകളും പുതിയ പാട്ടുകളും വച്ച് നോക്കുമ്പോൾ ഒരിക്കലും അവയെ താരതമ്യപ്പെടുത്തുവാൻ സാധിക്കില്ല പഴയ പാട്ടുകൾ ഒക്കെ ജീനിയസായിട്ടുള്ള സംഗീത സംവിധായകരാണ് ചെയ്തിട്ടുള്ളത്. പണ്ടത്തെ പാട്ടുകൾ ഒരിക്കിയ ദേവരാജൻ മാഷ് , ദക്ഷിണാമൂർത്തി സ്വാമികൾ, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് ഇവരെയൊന്നും നമുക്ക് താരതമ്യപ്പെടുത്തുവാൻ പോലും നമുക്ക് കഴിയില്ല. അതുപോലെ പാട്ട് എഴുത്തുകാരായാലും അവരെല്ലാം അത്രയും ജീനിയസ്സ് ആയിട്ടുള്ള ആളുകളാണ്.

അന്നത്തെ എല്ലാ ഫിലിം ടെക്നീഷ്യൻമാരും നല്ല കാഴ്ച്ചപാടുള്ളവരാണ് എന്നതാണ്. അവർക്ക് അറിയാം സംഗീതം എവിടെ എത്രത്തോളം ഉപയോഗിക്കണം എന്നുള്ളത്. ഇന്ന് അതൊക്കെ മാറി പല പാട്ടുകളും കമ്പോസ് ചെയ്യുന്നത് റീറെ.ക്കോഡിങ്ങിന്റെ സമയത്താണ്. റി റെക്കോഡിങ്ങിന്റെ ഗ്യാപ്പ് ഫില്ല് ചെയ്യാൻ വേണ്ടി പട്ട് ഉപയോഗിക്കുന്ന രീതിയായി മാറി. അപ്പോ അതെക്കെയാണ് ഇന്നത്തെ അവസ്ഥ. പിന്നെ സിനിമയിൽ നല്ല മുഹൂർത്തങ്ങൾ വരണം എന്നാലെ അവിടെ നല്ല സംഗീതം ഉണ്ടാവുകയുള്ളു. അപ്പോ ഗ്യാപ്പ് ഫില്ല് ചെയ്യാൻ വേണ്ടി ഉണ്ടാക്കുന്ന പട്ടുകൾക്ക് അത്ര മാത്രമേ ഗുണം ഉണ്ടാവുകയുള്ളു. ഇപ്പോഴത്തെ കാലഘട്ടത്തിലെ സംഗീത സംവിധായകരെ എടുക്കുകയാണെങ്കിൽ ഗോപിസുന്ദർ ഒരു നല്ല സംഗീത സംവിധായകനാണ് അദ്ദേഹം എത്രയൊക്ക് പാട്ടുകൾ ഒരുക്കിയാലും.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനത്തെക്കുറിച്ച് ചോദിച്ചാൽ ഒട്ടുമിക്ക ആളുകളും ഒരു പക്ഷേ ഓലെഞാലിക്കുരുവി… എന്ന ഗാനത്തെക്കുറിച്ചാകും പറയുക. കാരണം അതൊരു ഗൃഹാദുരത്വമുണർത്തുന്ന പാട്ടിന്റെ തുടർച്ചയാണ്. ജനങ്ങൾക്ക് രാഗം അടിസ്ഥാനപ്പെടുത്തിയും ചിട്ടയായ സംഗീതവഴിയിലൂടെ പിറവി കൊള്ളുന്ന എല്ലാ പാട്ടുകളും ഇപ്പോഴും സ്വീകരിക്കപ്പെടും എന്നതാണ്.പക്ഷേ അത് നൽകണം.ഈ തലമുറയും പഴയ പാട്ടുകളെ ഇഷ്ട്ടപ്പെടുന്നവർ തന്നെയാണ് അതിന് ഒരുദാഹരണമാണ് ഇപ്പോഴത്തെ റിയാലിറ്റി ഷോകളിൽ പഴയ പാട്ടുകൾ പാടുന്നത്. എത്ര പേരുണ്ട് അത്തരം ഇടങ്ങളിൽ പുതിയ പാട്ടുകൾ പാടുന്നത്. നോക്കി കഴിഞ്ഞാൽ വളരെ കുറവ് മാത്രമേ ഉണ്ടാകു.അതു കൊണ്ട് താന്നെ കാവ്യ ഗുണമുള്ള വരികളും സംഗീതവും ഒത്തുചേരുമ്പോൾ കാലത്തിനുമപ്പുറം നിലനിൽക്കുന്ന പാട്ടുകൾ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.

ആദ്യ സിനിമ തീയറ്ററിൽ എത്തുകയാണ് അത് നൽകിയ അനുഭവങ്ങൾ?

ആദ്യ ചിത്രം ‘മുന്തിരി മൊഞ്ചൻ’ ഒക്ടോബർ 25 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇതുവരെ നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. സ്വതവേ സിനിമയിൽ എത്തുന്നവർ മോശം അനുഭവങ്ങളാണ് പറയാറുള്ളത്. പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം ടെക്നിക്കൽ സൈഡായാലും അഭിനേതാക്കളായാലും.എല്ലാവരും വലിയ പിന്തുണയാണ് എനിക്ക് തന്നത്. പിന്നെ സിനിമയുടെ നിർമ്മാതാവായ അശോകൻ ,പിന്നെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര പുള്ളിയോക്കെ വർഷങ്ങളായി ഉള്ളയാളാണ്. ഒരു പുതിയ ആള് എന്ന നിലയിൽ ഒരു ബുദ്ധിമുട്ടും വരുത്താതെ സിനിമ ഭംഗിയായി പൂർത്തികരിക്കാനും റിലീസിന് എത്തിക്കവാനും സാധിച്ചു എന്നതാണ് എന്റെ അനുഭവം. ആളുകൾക്ക് രണ്ട് രണ്ടേകാൽ മണിക്കുർ ആസ്വദിക്കാവുന്ന സിനിമയാണ് ഇത്. സിനിമ കണ്ടിറങ്ങുന്നവർ പുഞ്ചിരിയോടെയാകും തീയറ്റർ വിടുക. അത് തന്നെയാണ് എന്റെ അനുഭവങ്ങൾ.

മുന്തിരി മൊഞ്ചന് ശേഷം വരാനിരിക്കുന്ന പ്രൊജക്റ്റുകൾ?

വരാനിരിക്കുന്ന പ്രൊജക്റ്റുകൾ ഒന്ന് രണ്ട് എണ്ണം സംസാരത്തിലാണ് . ഒരു ബയോപിക് ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതിന്റെ ചർച്ചയിലാണ്. നല്ല കുറച്ച് സബ്ജറ്റുകൾ വന്നിട്ടുണ്ട് പക്ഷേ അവയെല്ലാം മുന്തിരി മൊഞ്ചന് ശേഷം മാത്രമേ തീരുമാനിക്കു. ഞാൻ ചെയ്യുന്ന പ്രൊജക്റ്റുകൾ എല്ലാം സംഗീതത്തിന് കൂടി പ്രാധാന്യം ഉള്ളവയായിരിക്കും. നല്ല സിനിമകൾ വന്നാൽ മറ്റുള്ളവർക്ക് വേണ്ടിയും സംഗീതം നൽകാൻ താൽപര്യമുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here