ഇന്ത്യയുടെ വളർച്ചനിരക്കില്‍ വൻ ഇടിവുണ്ടാകും; രാജ്യത്ത് ദാരിദ്ര്യം വർധിക്കും; ലോകബാങ്കിന്റെ മുന്നറിയിപ്പ്

ഇന്ത്യയുടെ വളർച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. നടപ്പ് സാമ്പത്തികവർഷത്തെ പ്രതീക്ഷിത വളർച്ചനിരക്ക്‌ ആറ്‌ ശതമാനമായി താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാന്ദ്യം പിടിമുറുക്കിയെന്ന് വെളിപ്പെടുത്തുന്നതാണ് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട്‌. വളര്‍ച്ചയില്‍ നേപ്പാളിലും ബം​​ഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകർച്ചയ്‌ക്ക്‌ കാരണം. രാജ്യത്തെ ദാരിദ്ര്യം വർധിക്കും. കറ​ന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനമായി വർധിച്ചു. കേന്ദ്രസർക്കാരി​ന്റെ പൊതുകടം വർധിച്ച് ജിഡിപിയുടെ 5.9 ശതമാനമായി. ഇത്രമേല്‍ ദുര്‍ബലമായ സാഹചര്യം സാമ്പത്തികരം​ഗത്ത് ഘടനാപരമായ ​പ്രതിസന്ധിക്ക് കാരണമാകുമെന്നും വളര്‍ച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോർട്ട്‌ വെളിപ്പെടുത്തി.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകർന്നു

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയേറ്റതും നഗരത്തിൽ തൊഴിലില്ലായ്‌മ വർധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഗ്രാമീണതലത്തിലെ വേതനവർധന മന്ദഗതിയിലായി. “ആഭ്യന്തര ആവശ്യം’ കുറഞ്ഞതും ബാങ്ക്‌ ഇതര ധനസ്ഥാപനങ്ങളുടെ വായ്‌പയിലെ ഇടവും വന്‍ തിരിച്ചടിയായി. ഇന്ത്യന്‍ വാഹനവിപണി കൂപ്പുകുത്തിയത്‌ ഇതിന്റെ പ്രതിഫലനമാണ്‌. മാന്ദ്യം നേരിടാൻ കോർപറേറ്റ്‌ നികുതി കുറച്ച കേന്ദ്രസർക്കാർ നീക്കത്തിലും ലോകബാങ്ക്‌ ആശങ്ക പ്രകടിപ്പിച്ചു.

വളർച്ച ഇടിവ്‌ തുടർക്കഥ

രണ്ടാംവർഷമാണ് വളർച്ചനിരക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ വളര്‍ച്ച 6.9 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ഏഴര ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. ഏപ്രിൽ–ജൂൺ കാലയളവിൽ വളർച്ച ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച്‌ ശതമാനമായി. ജൂലൈ–സെപ്‌തംബറിൽ വളർച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ്‌ റിസർവ്‌ബാങ്ക്‌ നിഗമനം. 2019ലെയും 2020ലെയും പ്രതീക്ഷിത വളർച്ച 0.3 ശതമാനം വീതം ഐഎംഎഫ്‌ ജൂലൈയിൽ വെട്ടിക്കുറച്ചു. മാന്ദ്യം ശക്തമായി ബാധിക്കുമെന്ന്‌ ഐഎംഎഫിന്റെ മേധാവി ക്രിസ്‌റ്റലീന ജോർജിവ കഴിഞ്ഞദിവസം മുന്നറിയിപ്പ്‌ നൽകി. സാമ്പത്തികവളർച്ച 5.8 ശതമാനമായി ഇടിയുമെന്ന്‌ അന്താരാഷ്ട്ര ധനകാര്യനിരീക്ഷണ ഏജന്‍സിയായ മൂഡീസിന്റെ റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ബംഗ്ലാദേശിനും നേപ്പാളിനും പിന്നില്‍
ഇന്ത്യയേക്കാൾ വേഗത്തിലാണെന്ന്‌ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ഭൂട്ടാന്റെയും വളർച്ചയെന്ന്‌ ലോകബാങ്ക്‌ റിപ്പോർട്ട്‌. ബംഗ്ലാദേശിന്റെ നടപ്പ് സാമ്പത്തികവർഷത്തെ പ്രതീക്ഷിതവളർച്ച 8.1 ശതമാനമാണ്‌. ഭൂട്ടാൻ 7.4 ശതമാനം വളർച്ച നേടി കുതിപ്പ്‌ നടത്തും. ദക്ഷിണേഷ്യൻ മേഖലയുടെ ആകെ വളർച്ച 1.1 ശതമാനം കുറഞ്ഞ്‌ 5.9 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News