എ സി ശ്രീഹരിയുടെ കവിത ഫോട്ടോഷോപ്പ് സിനിമാ ഗാനമാകുന്നു; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ട്രെയ്ലർ റിലീസ് ഇന്ന്

കവി എ സി ശ്രീഹരിയുടെ പ്രശസ്ത കവിത ഫോട്ടോഷോപ്പ് സിനിമാ ഗാനമായെത്തുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ഏറെ പ്രത്യേകതയുള്ള ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലാണ് ഫോട്ടോഷോപ്പ് കവിത വേറെ രീതിയിൽ ഗാനമാവുന്നത്. കവിത പ്രസിദ്ധീകരിച്ച കാലത്ത് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഗാന രൂപം എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് നിശ്ചയമില്ലെന്ന് കവി പറയുന്നു. ബിജി ബാലാണ് സംഗീതം.

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ ആഷിഖ് അബുവും കുഞ്ചാക്കോ ബോബനും ചേർന്ന് ഇന്ന് പുറത്തിറക്കും.

വായനവികൃതി, വിഷമവൃത്തം, ഇടച്ചേരി എന്നീ കവിതാ സമഹാരങ്ങളും അപ കേരളീകരണം, The local in literature and films എന്നീ പഠന കൃതികളും പുറത്തിറക്കിയിട്ടുള്ള ശ്രീഹരി പയ്യന്നൂർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്.

എ സി ശ്രീഹരി ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

“പത്തുവർഷത്തിനിടയിൽ പത്തിൽ താഴെയേ കവിതകളെഴുതിയിട്ടുള്ളൂ. അതിൽപ്പകുതിയും തർജമകളുമാണ്. ആയതിനാൽ ആരും പരിഗണിക്കുന്നില്ല എന്ന തോന്നൽ ഇല്ലേയില്ല എന്നു മാത്രമല്ല വേണ്ടതിലധികം പരിഗണന ലഭിക്കയും ചെയ്യുന്നുണ്ട്. ഉടനേ ഓ ഊജീസീ എന്നുപറഞ്ഞാലും സാരമില്ല. അതൊക്കെ ബാധിക്കാനിടയുണ്ട് – ജാതിമതലിംഗദേശകാലങ്ങളേപ്പോലെ.

പറഞ്ഞുവരുന്നത്, കഴിഞ്ഞ ‘നാക്’ കാലത്ത്, സ്വന്തം ഭയോഡാറ്റാ നിർമ്മാണസമയത്ത്, പരക്കെ പരതിയപ്പോഴാണ് ‘അമ്പട ഞാനേ’ എന്നു തെളിഞ്ഞത്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ 2012 മുതൽ 3 വർഷങ്ങളിൽ എം.എ. മലയാളം സിലബസ്സിൽ മാറിമാറി 3 കവിതകൾ പഠിക്കാനുള്ളതായറിഞ്ഞു… കെ.കെ. ശിവദാസ് മാഷാണ് ഈ കടുംകൈ കുട്ടികളോട് ചെയ്തത്. 2015 ൽ ആ കാമ്പസ്സിൽ പോയപ്പോൾ അവരനുഭവിക്കുന്ന വൃഥാവ്യഥ നേരിട്ടനുഭവിക്കാനിടയായത് ഓർമ്മവന്നു.

2009 ൽ കണ്ണൂരിൽത്തന്നെ ഡിഗ്രിക്കാർക്കൊരെണ്ണം അന്നത്തെ ചെയർമാൻ പവിത്രൻ മാഷ് സ്നേഹാധിക്യത്താലെടുത്തുചേർത്തത് പരക്കെ വിരോധമുണ്ടാക്കിയതിനു പുറമേയാണിത്. ഈയ്യിടെ കലിക്കറ്റിൽ എം.എ. പഠിക്കുന്ന ഒരു വിദ്യാർഥിനി മെസഞ്ചറിൽ വന്ന് “വായനാവികൃതി” പഠിക്കാനുള്ള സങ്കടമുണർത്തിച്ചു. വാസുദേവൻ കോറോമിന്റെ എം.ഫിൽ. പഠനഭാഗം അയച്ചുകൊടുത്ത് തത്കാലം തടിയൂരി. ജി. ഉഷാകുമാരി ടീച്ചർ ഇതേപോലെ അടുത്തകാലത്ത് ഇതിന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.


ഈ വർഷം ബോഡോഫ് സ്റ്റഡീസിൽ അംഗമായതിനുശേഷമാണ് എത്ര അംഗങ്ങൾ അങ്കംവെട്ടിയാണ് ഒരു സിലബസ്സു വരുന്നതെന്നതറിയുന്നത്. ആരായിരിക്കും ഇക്കവിതകൾ എടുത്തുചേർത്തവർ! എന്തായിരിക്കും അവരുടെ ചേതോവികാരം! അവർക്കൊന്നു വിളിച്ചനുവാദം ചോദിക്കാമായിരുന്നില്ലേ എന്നുചോദിക്കുവാനുള്ള അർഹതയില്ല. അങ്ങനെയാണ് സംഗതികളുടെ കിടപ്പുവശം!

“സാഹിത്യം ആരുടെ സ്വകാര്യസ്വത്താണ്” എന്നത് ഒരു തർക്കവിഷയമായതിനാൽ അത് വായനക്കാർക്ക് വിടുന്നു. കൗതുകമുണർത്തിയ ഒരു വിളി അടുത്തകാലത്തുണ്ടായത് പറഞ്ഞ് ഈ കുരിപ്പവസാനിപ്പിക്കാം. മേല്പറഞ്ഞ കണ്ണൂർ യൂനി.സിറ്റി ബോർഡ് മീറ്റിങ്ങിനു പോകാൻ വണ്ടികാത്തുനില്ക്കെ ഒരു നട്ടുച്ചയ്ക്ക് ഒരു അജ്ഞാതവിളിയേറ്റു. ഒരു പുതുസിനിമാസംവിധായകനാണ്. എന്റെ “ഫോട്ടോഷോപ്പ്” എന്ന കവിതയിലെ ഡിക്ഷൻ ഉപയോഗിച്ച് ഒരു പാട്ടെഴുതിക്കൊടുക്കണം. ട്യൂൺ രണ്ട് ദിവസത്തിനകം വരും എന്ന്! ഞാനാ ടൈപ്പല്ലാ എന്ന് പറഞ്ഞുനോക്കിയെങ്കിലും എഴുതിനോക്കി ഇഷ്ടായപ്പോൾ കൊള്ളാലോന്ന് എനിക്കുപോലും തോന്നി. കേട്ടവരെയൊക്കെ കട്ട വെയ്റ്റിങ്ങിൽ നിർത്തി ആ പാട്ട് ഇപ്പഴും ദാ ഒരു രണ്ടു പരസ്യം ദൂരത്തുണ്ട്. പാട്ടു പുറത്തുവന്നെങ്കിൽ (പോസ്റ്ററിൽ പേര് വന്നു. സിനിമേല് പക്ഷേ അങ്ങനയാണോലും) പൊങ്കാലയിടാൻ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം സ്ഥലമനുവദിക്കുമെന്നുമാത്രം പറയുന്നു…

ശേഷം സ്ക്രീനിൽ…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News