2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു; അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തെ തുടര്‍ന്ന് പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കാന്‍ സാധ്യതയേറി. ഇതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തി.

ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്പത്തിക വര്‍ഷമാകട്ടെ ഇതിന്റെ 5 ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ ബി ഐ രേഖകള്‍ വ്യക്തമാക്കുന്നു.

കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്നാണ് ന്യായീകരണം. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.

2016 നവംബര്‍ 8ന് പ്രധാനമന്ത്രി മോദി നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്.

കള്ളപ്പണവും കൈക്കൂലിയും ഒഴിവാക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു അന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജനങ്ങള്‍ക്ക് ആവശ്യം ചെറിയ മൂല്യത്തിലുള്ള നോട്ടുകളാണെന്ന വസ്തുത മറികടന്നാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് അന്ന് പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News