സുനില്‍ വധക്കേസിന് സമാനമാണ് ഫസല്‍ വധക്കേസും; പുനരന്വേഷണം നടത്താന്‍ സിബിഐ സന്നദ്ധമാകണമെന്ന് കോടിയേരി

തിരുവനന്തപുരം: ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെട്ട പശ്ചാത്തലത്തില്‍, തലശ്ശേരി ഫസല്‍ വധക്കേസിലും സിബിഐ പുനരന്വേഷണം നടത്താന്‍ സന്നദ്ധമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സുനില്‍ വധക്കേസില്‍ നിരപരാധികളായ സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വിട്ടയയ്ക്കുകയുണ്ടായി. ഇതേത്തുടര്‍ന്നു നടന്ന പുനരന്വേഷണത്തിലാണ് തീവ്രവാദ ബന്ധമുള്ള പ്രതി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സുനില്‍ വധക്കേസിന് സമാനമാണ് തലശ്ശേരി ഫസല്‍ വധക്കേസും.

തലശ്ശേരി പടുവിലായി മോഹനന്‍ വധത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ്സുകാര്‍ ഫസലിനെ കൊലപ്പെടുത്തിയതിലെ തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നതാണ്. ഇതിന്റെ വസ്തുതകള്‍ പോലീസ് സി.ബി.ഐയ്ക്ക് കൈമാറിയെങ്കിലും പുനരന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാന്‍ സി.ബി.ഐ സന്നദ്ധമായില്ല. കാരായി രാജനും, കാരായി ചന്ദ്രശേഖരനും സ്വന്തംനാട്ടിലും വീട്ടിലും പോകാനാകാതെ 8 വര്‍ഷമായി അന്യജില്ലകളിലേക്ക് നാടുകടത്തപ്പെട്ടിരിക്കുകയാണ്.

ആര്‍.എസ്.എസ്സുകാരാണ് ഫസല്‍ വധക്കേസ് പ്രതികളെന്ന സത്യം പുറത്തുവന്ന പശ്ചാത്തലത്തില്‍ നിരപരാധികളായ കാരായി രാജനേയും ചന്ദ്രശേഖരനേയും കുറ്റവിമുക്തരാക്കി യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സി.ബി.ഐ നടപടി സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here