മഹാരാഷ്ട്രയില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ 50 ശിവസേന നേതാക്കള്‍ സിപിഐഎമ്മിലേക്ക്

മഹാരാഷ്ട്രയില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ അമ്പതിലേറെ ശിവസേന നേതാക്കള്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാര്‍ഘര്‍ ജില്ലയിലെ അംബേസരി, നാഗ്സരി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്.

അംബേസരിയില്‍ ചേര്‍ന്ന വലിയ പൊതുയോഗത്തിലാണ് ശിവസേന നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. അശോക് ധാവ്ളേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി. ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് സിപിഐഎമ്മിലേക്കുള്ള വരവ്. ധഹാനു സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമെന്ന് നേതാക്കള്‍ പറഞ്ഞു. സിപിഐ എം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിന് എന്‍സിപി, കോണ്‍ഗ്രസ്, വിബിഎ എന്നീ പാര്‍ട്ടികളുടേയും പിന്തുണയുണ്ട്. നിലവില്‍ ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ബിജെപിയുടെ പസ്‌കല്‍ ദനാരേയാണ്.

‘ദഹാനു ഞങ്ങളുടെ കോട്ടയാണ്, 2014ല്‍ നഷ്ടപ്പെട്ടെങ്കിലും. ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്’ – സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളേ പറഞ്ഞു.

നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സിപിഐ എം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവും ഏഴ് തവണ എംഎല്‍എയുമായ ജെ പി ഗാവിറ്റ് ഇത്തവണയും മത്സരിക്കുന്നുണ്ട്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News