മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് പറക്കാല പ്രഭാകരന്‍.

രാജ്യത്ത് ഉദാരവല്‍ക്കരണത്തിന് വഴി തെളിച്ച നരസിംഹറാവു-മന്‍മോഹന്‍സിങ്ങ് സാമ്പത്തിക മാതൃക കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ധനമന്ത്രിയുടെ ഭര്‍ത്താവിന്റെ നിര്‍ദേശം. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അക്കമിട്ട് വിമര്‍ശിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ധന ശാസ്ത്രജ്ഞനായ പറക്കാല പ്രഭാകരന്റെ ലേഖനം ഹിന്ദു ദിനപത്രത്തില്‍ ആരംഭിക്കുന്നത്. സ്വന്തം സാമ്പത്തിക നയമെന്തെന്ന് ഇത് വരെ പറയാന്‍ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല.പകരം നെഹറുവിന്‍ സോഷ്യലിസത്തേയും സാമ്പത്തിക നയത്തേയും വിമര്‍ശിക്കുകയാണ് ചെയ്യുന്നത്.

വിമര്‍ശനം മാത്രമായി ബിജെപിയുടെ സാമ്പത്തിക തത്വശാസ്ത്രം. ഇതല്ല ഇതല്ല നയമെന്ന് പറയുക മാത്രമാണ് ഇപ്പോഴത്തെ ബിജെപി രീതിയെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ് പ്രഭാകരന്‍ കുറ്റപ്പെടുത്തുന്നു.വിമര്‍ശനങ്ങള്‍ മാറ്റി വച്ച് നരസിംഹറാവു- മന്‍മോഹന്‍സിങ്ങി ഉദാരവല്‍ക്കരണ മാതൃക ബിജെപി പിന്തുടരണമെന്ന് ലേഖനത്തില്‍ പ്രഭാകരന്‍ ആവിശ്യപ്പെടുന്നു.

സാമ്പത്തിക നയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്താതിനാല്‍ ഒന്നിന് പുറകെ ഒന്നായി ഓരോ മേഖലയും വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. റാവു-മന്‍മോഹന്‍ മാതൃക പിന്തുടര്‍ന്ന് പരിശ്രമിച്ചാല്‍ മാത്രമേ നിലവില്‍ അകപ്പെട്ടിരിക്കുന്ന വിഷമസന്ധിയില്‍ നിന്നും പുറത്ത് കടക്കാന്‍ ബിജെപിയ്ക്കും സര്‍ക്കാരിനും കഴിയു. ധനശാസ്ത്രത്തിലുള്ള ബലഹീനത മറികടക്കാനും കഴിയുമെന്നും പറക്കാല പ്രഭാകരന്‍ ചൂണ്ടികാട്ടുന്നു.

നേരത്തെ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകനായിരുന്നു പറക്കാല.ധനമന്ത്രിയുടെ ഭര്‍ത്താവിന്റെ വിമര്‍ശനം ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.