യുഡിഎഫ് ഭരണത്തില്‍ വികസനത്തിന്റെ പേരില്‍ വന്‍ അഴിമതി; പിന്നണിയില്‍ കിടക്കുന്നവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്: കോടിയേരി

യുഡിഎഫ് ഭരണകാലത്ത് 32 ലക്ഷം വീടുകളില്‍ മാത്രം എത്തിച്ച പെന്‍ഷനിപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ 53 ലക്ഷം വീടുകളിലെത്തിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുഡിഎഫ് ഭരണത്തില്‍ ഒരു വികസന പദ്ധതി ഉണ്ടായാല്‍ അതില്‍ സര്‍വത്ര അഴിമതിയാണുണ്ടാകുന്നതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു. അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നണിയില്‍ കിടക്കുന്നവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബജറ്റിന്റെ 16 ശതമാനം വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചു. സംസ്ഥാനത്ത് വനിതാ ബറ്റാലിയന്‍ തന്നെ രൂപീകരിച്ചു. കേരളത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം ദേശീയ ശ്രദ്ധ നേടാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനായി.

ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തില്‍ നിക്ഷേപ സൗഹൃദാന്തരീക്ഷം ഉണ്ടാക്കാന്‍ സാധിച്ചിരിക്കുകയാണ്. ഐടി രംഗത്ത് ഒരു ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം തൊഴില്‍ ലഭിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്താണ് ഇത്ര സുരക്ഷിതമായി മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൈ്വര്യ ജീവിതം അസാധ്യമായിരിക്കുന്നു. ഇവിടെ അത്തരത്തിലുണ്ടാകാത്തത് ഇടതുപക്ഷ പ്രസ്ഥാനം ശക്തമായതുകൊണ്ടാണ്. അത് തകര്‍ക്കാനാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here