ജോളി കൊലപാതക പരമ്പരയെയും കല്ലറ തുറന്നുള്ള അന്വേഷണങ്ങളെയും മുന്‍കൂട്ടി
കണ്ടെന്നപോലെ എഴുതിയ കവിത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. 2013ല്‍
കവി എം എസ് ബനേഷ് എഴുതിയ പോസ്റ്റ്‌മോര്‍ട്ടം എന്ന കവിതയാണ് പ്രവചന സ്വഭാവം
കൊണ്ട് ശ്രദ്ധേയമാകുന്നത്.

കല്ലറ തുറന്ന് പരിശോധന നടക്കുമ്പോള്‍ പകുതി തിന്ന ചങ്കില്‍ നിന്ന് പുഴുക്കള്‍ എത്തി
നോക്കുന്നതും അതൊന്നും കൂസാതെ അയയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന
യുവതിയുമാണ് കവിതയിലെ വിഷയം.

കവിത ശ്രദ്ധയില്‍ പെട്ട യുവനടന്‍ ഇര്‍ഷാദ് ഈ കവിത സ്വയം ചൊല്ലി ചിത്രീകരിച്ചു
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
കവിതയുടെ പൂര്‍ണരൂപം ചുവടെ; ഒപ്പം ഇര്‍ഷാദിന്റെ വീഡിയോവും

പോസ്റ്റ്മോര്‍ട്ടം

എം.എസ്. ബനേഷ്

കല്ലറ തുറന്ന്
പരിശോധന നടക്കുമ്പോള്‍
‘നിന്‍ മണിയറയിലെ
നിര്‍മ്മല ശയ്യയിലെ’
എന്ന മൂളക്കം
അടുത്ത വീട്ടില്‍ നിന്ന്
ഒഴുകിയെത്തുന്നുണ്ടായിരുന്നു.

പകുതി തിന്ന ചങ്കില്‍ നിന്ന്
പുഴുക്കള്‍ എത്തിനോക്കുമ്പോള്‍
അയലഴയില്‍
പുതുപ്പെണ്ണ്
മുണ്ടും പാവാടയും കഴുകിയിടുന്നുണ്ടായിരുന്നു.

രണ്ടാം പോസ്റ്റ്മോര്‍ട്ടത്തിന്
തക്ഷകരും പുഴുക്കളും സഹിതം
പീസ് പീസായി
കരള്‍, കുടല്‍, തലച്ചോര്‍, ലിംഗിതം
എന്നിങ്ങനെ
കവറാക്കപ്പെടുമ്പോള്‍,
ചരടറ്റ് ആകാശത്ത് പറന്നിരുന്ന ഒരു പട്ടം
മറ്റെല്ലാം മറന്ന്
അവളെത്തന്നെ
പിന്നെയും
കൊതിച്ച് നോക്കുന്നുണ്ടായിരുന്നു.

ഇക്കാഴ്ച്ചയെല്ലാം
സങ്കടം ചേര്‍ത്ത് കവിതയാക്കുന്ന കൂട്ടുകാരന്‍
‘ആകാശ നക്ഷത്രമായി ഉദിച്ച്
അയാള്‍ എല്ലാം കണ്ടു’
എന്നും മറ്റും പഴയ മട്ടില്‍
ആവിഷ്‌കരിക്കുമോ എന്നും
ഭയക്കുന്നുണ്ടായിരുന്നു.

നീരാവികളേ മിണ്ടിപ്പോകരുത് എന്ന്
അടിവസ്ത്രങ്ങള്‍
അയയില്‍ ഉണങ്ങിത്തുടങ്ങിയിരുന്നു.