ശബരിമലയ്ക്ക് നല്‍കിയത് 1273 കോടി; യുഡിഎഫ് ചെലവിട്ടത് 212 കോടി രൂപമാത്രം: മുഖ്യമന്ത്രി

ശബരിമലയുടെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 1273 കോടിരൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 212 കോടിരൂപ മാത്രമാണ്.

വിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫിനെ വല്ലാതെ വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, നന്തന്‍കോട് എന്നിവിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരുകാര്യത്തില്‍ മാത്രമല്ല, എല്ലാകാര്യത്തിലും കേരളം ഇപ്പോള്‍ നമ്പര്‍ വണ്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനമായിരുന്നു കേരളം. ഇപ്പോള്‍ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തി.

ഇവിടെ ഒന്നും നടക്കില്ലെന്ന നിരാശ മാറി ഇപ്പോള്‍ പ്രത്യാശയാണ്. ദേശീയപാത വിസകനത്തിന്റെ എല്ലാ കടമ്പയും കടന്നു. തലപ്പാടി–ചെങ്ങള, ചെങ്ങള–നീലേശ്വരം ഭാഗങ്ങള്‍ ഏതുനിമിഷവും ടെന്‍ഡര്‍ ചെയ്യാം. തീരദേശ–മലയോര ഹൈവേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു.

കോവളം മുതല്‍ ബേക്കല്‍വരെ 600 കിലോമീറ്റര്‍ ജലപാത അടുത്തവര്‍ഷം യാഥാര്‍ഥ്യമാകും. ഗെയില്‍ വാതകപൈപ്പ്ലൈന്‍ ഇനി മൂന്നോ നാലോ കിലേമീറ്റര്‍ മാത്രമേ പൂര്‍ത്തിയാകാനുള്ളൂ. കൂടംകുളത്തുനിന്ന് 3700 മെഗാവാട്ട് വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍–കൊച്ചി പവര്‍ഹൈവേ ചാര്‍ജ്ചെയ്തുകഴിഞ്ഞു.

നടക്കില്ലെന്ന് കരുതിയ കൊച്ചി–കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയും യാഥാര്‍ഥ്യമാവുകയാണ്. യുഡിഎഫ് ഭരണത്തിന്റെ ജീര്‍ണത ഇല്ലാതാക്കി കേരളത്തിന്റെ തനത് സംസ്‌കാരം വീണ്ടെടുക്കാന്‍ കഴിഞ്ഞതാണ് എല്‍ഡിഎഫിന്റെ ഭരണനേട്ടം. 600 വാഗ്ദാനവും പാലിക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് നടപടിയെടുത്തു. യുഡിഎഫ് ഭരണമാണ് തുടര്‍ന്നതെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News