മകന്‍ അമ്മയെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ ഒളിവിലായിരുന്ന കൂട്ടുപ്രതി അറസ്റ്റില്‍

അമ്മയെ മകന്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ ഒളിവിലായിരുന്ന കൂട്ടുപ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. പട്ടത്താനം നീതി നഗര്‍ 68ല്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ സാവിത്രി (72)യെ കൊലപ്പെടുത്തിയ കേസില്‍ പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ കുട്ടനെ (36)യാണ് കൊല്ലം ക്രൈംബ്രാഞ്ച് എസ്ഐ പ്രദീപ്കുമാറും ഷാഡോ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ചേര്‍ന്ന് തിരുനെല്‍വേലിയില്‍നിന്ന് ഞായറാഴ്ച അര്‍ധരാത്രി പിടികൂടിയത്. ചിന്നക്കട കുമാര്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ഇയാള്‍. കൊല്ലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. സാവിത്രിയുടെ മകന്‍ സുനിലിനെ (50) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കുട്ടനെ തിങ്കളാഴ്ച വൈകിട്ട് സംഭവസ്ഥലത്തുകൊണ്ടുപോയി തെളിവെടുത്തു. സാവിത്രിയെ കുഴിച്ചിടാന്‍ സുനിലിനെ സഹായിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായും തുടര്‍ന്ന് സുനിലിനൊപ്പമെത്തി കുഴിയെടുത്തതായും കൂട്ടുപ്രതി മൊഴിനല്‍കി. സംഭവത്തില്‍ ഒന്നുമറിയില്ലെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് കുട്ടന്‍ ആദ്യം ശ്രമിച്ചത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് സെപ്തംബര്‍ മൂന്നിനാണ് സുനില്‍ സാവിത്രിയെ കൊലപ്പെടുത്തിയത്. അമ്മയെ തലയ്ക്കടിച്ച് നിലത്തിട്ട് വീടിനു പുറത്തേക്കുപോയ സുനില്‍ കുട്ടനുമായി ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്ന് സുനില്‍ കുട്ടനെയുംകൂട്ടി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

സാവിത്രിയെ കാണാനില്ലെന്നുകാട്ടി സെപ്തംബര്‍ എട്ടിന് മകള്‍ കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സുനിലും പരാതിയുമായി വന്നു. മൃതദേഹം വീട്ടുവളപ്പില്‍നിന്ന് ഞായറാഴ്ചയാണ് കണ്ടെടുത്തത്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി കെ മധുവിന്റെ മേല്‍നോട്ടത്തില്‍ എസിപി പ്രദീപ്കുമാര്‍, കൊല്ലം ഈസ്റ്റ് സിഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News