കൂടത്തായി: പൊന്നാമറ്റം വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെടുത്തു; പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ചു ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും ജോളി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച സയനൈഡ് പൊലീസ് പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെടുത്തു.

തിങ്കളാഴ്ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് അന്വേഷണ സംഘം സയനൈഡ് പിടിച്ചെടുത്തത്. അടുക്കളയിലെ റാക്കില്‍ പാത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയില്‍ സയനൈഡ് സൂക്ഷിച്ചിരുന്നത്. പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ചു ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും ജോളി വെളിപ്പെടുത്തി.

പൊലീസ് സയനൈഡ് കണ്ടെത്തിയതോടെ ജോളിയും ഇക്കാര്യം സമ്മതിച്ചു. പിടിച്ചെടുത്ത സയനൈഡ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പ്രാഥമിക പരിശോധനയില്‍ ഇത് സയനൈഡാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയശേഷമേ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കൂ.

ഇന്നലെ രാത്രി 9.45നാണ് ജോളിയെ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഐസിടി പൊലീസ് സൂപ്രണ്ട് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ചില സുപ്രധാന വിവരങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയതായി അന്വേഷണ സംഘത്തിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ജോളിയെ വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ സയനൈഡ് വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. എവിടെയെന്ന് മറന്നുപോയി എന്നായിരുന്നു ജോളി പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് സയനൈഡ് വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

സയനൈഡ് കണ്ടെടുത്തശേഷം രാത്രി 12 ഓടെയാണ് അന്വേഷണ സംഘം ജോളിയുമായി മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here