
ഫുട്‌ബോള്‍ കരിയറില്‍ ഒരു നാഴികക്കല്ലു കൂടെ പിന്നിട്ട് പോര്‍ച്ചുഗലിന്റെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ യുക്രൈനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണു റൊണാള്‍ഡോ കരിയറില്‍ 700 ഗോള്‍ എന്ന നേട്ടത്തിലെത്തിയത്.
മത്സരം 2-1-നു പോര്‍ച്ചുഗല്‍ തോറ്റെങ്കിലും രണ്ടാം പകുതിയിലെ പെനാല്‍റ്റി ഗോളിലൂടെ ചരിത്രം കുറിക്കാന്‍ റൊണാള്‍ഡോയ്ക്കു കഴിഞ്ഞു.
ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഫുട്‌ബോള്‍ താരമാണ് റൊണാള്‍ഡോ. ജോസഫ് ബികാന്‍ (805), റൊമാരിയോ(772), പെലെ (767), പുഷ്‌കാസ് (746), ജെര്‍ഡ് മുള്ളര്‍ (735) എന്നിവരാണ് 700-ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ഇതിഹാസങ്ങള്‍.
ഇപ്പോള്‍ ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരവും റൊണാള്‍ഡോ തന്നെയാണ്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണു ക്രിസ്റ്റ്യാനോ ഇപ്പോള്‍. 109 ഗോളുമായി ഇറാന്റെ അലി ദേയിയാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്തിനായി 95 ഗോളുകളും ക്ലബുകള്‍ക്കായി 605 ഗോളുകളുമാണ് റൊണാള്‍ഡോ ഇതുവരെ നേടിയത്. സ്‌പോര്‍ട്ടിംഗിനു വേണ്ടി അഞ്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി 118, റയല്‍ മാഡ്രിഡിനു വേണ്ടി 450, യുവന്റസിനു വേണ്ടി 32 എന്നിങ്ങനെയാണു കരിയറില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here