മാനന്തവാടി: വയനാട് എന്‍ജിനീയറിങ് കോളേജില്‍ കെഎസ്യു, എംഎസ്എഫ് നേതാക്കളെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എഞ്ചിനിയറിംങ്ങ് കോളേജിലെ യുഡിഎസ്എഫിന്റെ നേതാക്കന്‍മാരായ എംജി അര്‍ജുന്‍, കെ നിഖില്‍, രാഹുല്‍ ,സൂരജ്, ശ്രീരാജ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കോളേജ് അധികൃതരും എക്‌സൈസ് ഡിപ്പാര്‍ട്ട് മെന്റും ഇക്കാര്യത്തില്‍ തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണ്. എന്‍ജിനീയറിങ്ങ് കോളേജിലെ ബോയ്‌സ് ഹോസ്റ്റലിലും കോളേജിലെ യുഡിഎസ്എഫ് നിയന്ത്രണത്തിലുള്ള സ്വകാര്യ ഹോസ്റ്റലിലും കഞ്ചാവ് മയക്ക് മരുന്ന് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇക്കാര്യം അധികൃതരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ പെട്ടിട്ടും നടപടി ഉണ്ടാവാത്തത് കോളേജ് അധികൃതര്‍ക്കും മയക്ക് മരുന്ന് മാഫിയയുമായി രഹസ്യ ബന്ധമുണ്ടെന്ന് സംശയം ജനിപ്പിക്കുന്നതാണ്. ഇതിന് മുന്‍പും ഇവിടങ്ങളില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയിട്ടുണ്ട് ഇത്തരക്കാരായ ക്രിമിനലുകളുടെ നേതൃത്വത്തിലാണ് കോളേജില്‍ എല്ലാ വിധ അരാചകത്വ പ്രവണതകളും അരങ്ങേറുന്നത്.

എന്‍ജിനിയറിങ്ങ് കോളേജില്‍ നിരന്തരമായുണ്ടാവുന്ന വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഈ സംഘം തന്നെയാണ്. ഇത്തരക്കാരെ സംരക്ഷിച്ചു നിര്‍ത്തുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും കോളേജിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മയക്ക് മരുന്ന് മാഫിയക്കെതിരെ ഉന്നതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും എസ് എഫ് ഐ ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു.