കൂടത്തായി: മരണാനന്തര ചടങ്ങിന്റെ ഫോട്ടോയെടുക്കുന്നതും തടഞ്ഞു; കൂടുതല്‍ കുരുക്കിലേക്ക്

ആല്‍ഫൈനും സിലിയും മരിച്ചപ്പോള്‍ ചടങ്ങിന്റെ ഫോട്ടോയെടുക്കുന്നത് ഷാജുവിന്റെ പിതാവ് സക്കറിയ തടഞ്ഞതായി ബന്ധുക്കള്‍. ക്രൈസ്തവ കുടുംബത്തില്‍ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്ന രീതിയുണ്ട്.  അല്‍ഫൈന്‍ മരിച്ചപ്പോള്‍ ഫോട്ടോയെടുക്കണമെന്ന് വീട്ടുകാരില്‍ ചിലര്‍ പറഞ്ഞു. എന്നാല്‍, സക്കറിയ അത് തടഞ്ഞു.

അല്‍ഫൈന്‍ കൊല്ലപ്പെട്ടതാണെന്ന് സക്കറിയക്ക് അറിയാവുന്നത് കൊണ്ടാണ് തടഞ്ഞതെന്നാണ് സിലിയുടെ വീട്ടുകാര്‍ ഇപ്പോള്‍ വിശ്വസിക്കുന്നത്. 2014 മെയ് മൂന്നിനായിരുന്നു ആല്‍ഫൈന്‍ മരിച്ചത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്.

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി അറസ്റ്റിലായതോടെയാണ് കുഞ്ഞിന്റേതും കൊലപാതകമാണെന്ന് മനസ്സിലായത്. ബ്രെഡില്‍ സയനൈഡ് കലര്‍ത്തിയാണ് കുട്ടിയെ കൊന്നത്. 2016 ജനുവരി 11 ന് സിലിയും മരിച്ചു.

സിലിയുടെ മരണാനന്തര ചടങ്ങുകളുടെ ഫോട്ടോയെടുക്കുന്നതും സക്കറിയ തടഞ്ഞിരുന്നതായും വീട്ടുകാര്‍ ഓര്‍ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഫോട്ടോയെടുക്കാന്‍ അനുവദിക്കാത്തത് എന്ന് കരുതി, ബന്ധു ഇടപെട്ട് തുക നല്‍കാമെന്ന് ഏറ്റു. തുടര്‍ന്ന് ചടങ്ങുകളുടെ ഫോട്ടോയുമെടുത്തു.

സിലിക്ക് ഷാജുവും ജോളിയും ചേര്‍ന്ന് അന്ത്യചുംബനം നല്‍കുന്ന വിവാദ ഫോട്ടോ ലഭിച്ചത് ഇങ്ങനെയാണ്. ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തിന് ഈ ചിത്രം പൊലീസിന് പ്രധാന തെളിവായി.

കസ്റ്റഡിയില്‍ ലഭിച്ച ജോളിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെയും സക്കറിയയെയും അന്വേഷക സംഘം തിങ്കളാഴ്ച ചോദ്യംചെയ്തു. സിലിയുടെയും ആല്‍ഫൈന്റെയും മരണത്തില്‍ ഇവര്‍ക്കുള്ള പങ്ക് തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here