റോഡ് സുരക്ഷാ ബോധ വത്കരണത്തിന് പുതുമയുമായി സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും റോഡ് സുരക്ഷാ നിയമങ്ങൾ പരിചയപ്പെടുത്താൻ ട്രാഫിക് ക്ലിനിക് എന്ന ആശയം മുന്നോട്ടു വയ്ക്കുകയാണ് വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകൾ.

റോഡ് സുരക്ഷാ നിയമങ്ങൾ ശരിയായി പാലിക്കാത്തതിലൂടെയും അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിക്കുന്നത് മൂലവും നൂറുകണക്കിന് ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ പൊലിയുന്നത്. ഇതിൽ ഏറിയ പങ്കും കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണ്.

ഇളംതലമുറയെയും പൊതുജനങ്ങളെയും ശരിയായ രീതിയിൽ ബോധവത്കരിക്കുന്നതിലൂടെ ഇത്തരം റോഡപകടങ്ങൾ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് വിതുര സ്കൂളിലെ കൊച്ചു കൂട്ടുകാർ.

ഇതിനായി സ്കൂളുകളിൽ എത്തി റോഡ് സുരക്ഷാ നിയമങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് ഒരു ട്രാഫിക് ക്ലിനിക് സജ്ജീകരിക്കുകയാണ് ആദ്യം ചെയ്യുന്നത്.

തുടർന്ന് കെഡറ്റുകൾ തന്നെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ക്ലാസെടുക്കും. ഇതോടൊപ്പം ട്രാഫിക് ക്വിസും മറ്റു കലാ പരിപാടികളും അവതരിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും.

ശേഷം വിദ്യാർത്ഥികളെ ട്രാഫിക് ക്ലിനിക്കിൽ എത്തിച്ച് സുരക്ഷിതമായി എങ്ങനെ റോഡ് ഉപയോഗിക്കാമെന്നതിനെ കുറിച്ചും ട്രാഫിക് നിയമങ്ങളെ കുറിച്ചും വിശദീകരിച്ച് കൊടുക്കും.

ഇത്തരത്തിൽ ആദ്യത്തെ ട്രാഫിക് ക്ലിനിക് തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കല്ലാറിലെ ഗവ.എൽ.പി.എസിൽ സംഘടിപ്പിച്ചു.

ട്രാഫിക് ക്ലിനിക് എന്ന ആശയത്തിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ സ്കൂളുകളിലേക്കും പൊതു ജനങ്ങൾ ഒരുമിച്ച് കൂടുന്നിടങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കുട്ടിപ്പോലീസുകാർ.

പ്രതീകാത്കമായി കാലനെ അവതരിപ്പിച്ചും തോലുമാടനെ ഉപയോഗിച്ചും പൊതുജന ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ വിതുര സ്കൂളിലെ കെഡറ്റുകൾ പുതുമയാർന്ന രീതികളിൽ ട്രാഫിക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here