വാക്കൗട്ട് നടത്താന്‍ മാത്രമായി മഞ്ചേശ്വരത്ത് നിന്ന് ഒരാളെ നിയമസഭയിലേക്ക് അയക്കണോ: കോടിയേരി ബാലകൃഷ്ണന്‍

‘വാക്കൗട്ട്‌ നടത്താൻ മഞ്ചേശ്വരത്തുനിന്നൊരാളെ നിയമസഭയിലേക്ക്‌ അയക്കണോ’–- കുമ്പള കളത്തൂരിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തിൽ തടിച്ചുകൂടിയവർ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ചോദ്യംകേട്ട്‌ കാതുകൂർപ്പിച്ചു.

നിയമസഭാ സമ്മേളനത്തിന്‌ രാവിലെ വന്നാൽ ചർച്ചയ്‌ക്കൊന്നും നിൽക്കാതെ ഇറങ്ങിപ്പോകും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കൂടെയുള്ള എംഎൽഎമാരും. അതുകൊണ്ടെന്നും പേടിക്കുന്നയാളല്ല മുഖ്യമന്ത്രി പിണറായി വിജയൻ.

ചെന്നിത്തലയ്‌ക്കും എം കെ മുനീറിനുമൊപ്പം ഇറങ്ങിപ്പോകാൻ യുഡിഎഫിന്റെ ഒരാളെ മഞ്ചേശ്വരത്തുനിന്ന്‌ അയക്കണോ.

വികസന പ്രവർത്തനങ്ങളിൽ മുന്നേറുന്ന എൽഡിഎഫ്‌ സർക്കാരിന്‌ കരുത്തുപകരാൻ എം ശങ്കർ റൈയാണ്‌ ജയിക്കേണ്ടത്‌. മണ്ഡലത്തിൽ ഒന്നര വർഷത്തിൽ വലിയ വികസനമുണ്ടാകും.

മുസ്ലിംലീഗുകാരും ബിജെപിക്കാരും ചിഹ്നം നോക്കാതെ ശങ്കർ റൈക്ക്‌ വോട്ടുചെയ്‌താൽമതിയെന്നും കോടിയേരി പറഞ്ഞപ്പോൾ ജനത്തിന്‌ നന്നേ ബോധിച്ചു. വലിയ കരഘോഷം.

ചിരിയും ചിന്തയും ഉണർത്തിയുള്ള കോടിയേരിയുടെ തെരഞ്ഞെടുപ്പ്‌ പര്യടനം മഞ്ചേശ്വരം മണ്ഡലത്തിൽ വലിയ ആവേശമാണുണ്ടാക്കിയത്‌. മംഗൽപാടി ബന്തിയോട്‌, മീഞ്ച മിയാപദവ്‌, കുമ്പള കളത്തൂർ എന്നിവിടങ്ങളിൽ വലിയ ജനസഞ്ചയമാണ്‌ എൽഡിഎഫിന്റെ അമരക്കാരനെ കേൾക്കാനെത്തിയത്‌.

പാലാരിവട്ടം പാലത്തിൽനിന്ന്‌ താഴോട്ടുനോക്കിയാൽ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയുടെ ആഴമറിയാം.

ആരുഭരിച്ചാലും ഒരുപോലെയാണ്‌ എന്ന ചൊല്ല്‌ കഴിഞ്ഞ മൂന്നര വർഷംകൊണ്ട് എൽഡിഎഫ്‌ സർക്കാർ മാറ്റി. സർക്കാരിന്റെ വികസന നേട്ടങ്ങൾ കോടിയേരി അക്കമിട്ടു നിരത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ സർക്കാർ വരുമെന്നും വയനാട്ടിൽനിന്ന്‌ പോകുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും തെറ്റിദ്ധരിക്കപ്പെട്ട വോട്ടർമാർ ഇന്ന്‌ മാറി ചിന്തിക്കുകയാണ്‌.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ബില്ലുകൾക്ക്‌ പിന്തുണ നൽകുന്ന കോൺഗ്രസ്‌, ബിജെപിയുടെ ബി ടീമായി. മുസ്ലീം ന്യൂനപക്ഷത്തിനെതിരെയുള്ള ബില്ലിനെതിരെ നിൽക്കുന്നവർ പാകിസ്ഥാൻ ചാരന്മാരാണെന്ന്‌ അമിത്‌ ഷാ പാർലമെന്റിൽ പറഞ്ഞപ്പോൾ ലീഗ് എംപിമാർ മലപ്പുറത്ത്‌ കല്യാണത്തിനുപോയി ബിരിയാണി കഴിക്കുകയായിരുന്നു.

പാലാ മഞ്ചേശ്വരത്തും ആവർത്തിക്കുമെന്ന്‌ കോടിയേരി പ്രഖ്യാപിക്കുമ്പോൾ യുവജനങ്ങളും മുതിർന്നവരുമെല്ലാം ആവേശം കൊണ്ടു.

വിവിധ കേന്ദ്രങ്ങളിൽേ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, സിപിഐ നേതാവ്‌ സത്യൻ മൊകേരി, കോൺഗ്രസ്‌ –-എസ്‌ നേതാവ്‌ ഇ പി ആർ വേശാല, ഷമീം പയങ്ങാടി എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News