ഉപതെരഞ്ഞെടുപ്പ്: വിധിയെഴുത്തിന് ഇനി അഞ്ച് നാള്‍; വര്‍ഗീയ കാര്‍ഡിറക്കി യുഡിഎഫും ബിജെപിയും; വികസനം പറഞ്ഞ് എല്‍ഡിഎഫ്‌


അഞ്ചിടത്തെ വിധിയെഴുത്തിന്‌ അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന്‌ പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്‌.

പരസ്യപ്രചാരണത്തിന്‌ ശനിയാഴ്‌ച സമാപനമാകും. പ്രചാരണത്തിന്റെ ആദ്യഘട്ടംമുതൽ കളംനിറഞ്ഞ വിഷയങ്ങൾതന്നെയാണ്‌ അവസാന പാദത്തിലും സജീവമായിട്ടുള്ളത്‌.

ഇതിനു പുറമെ കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിഞ്ഞതും എൻഎസ്‌എസിന്റെ ശരിദൂര സിദ്ധാന്തവും ചൂടേറിയ ചർച്ചയാണ്‌.

എൽഡിഎഫ്‌ സ്ഥാനാർഥികൾക്കെതിരായ യുഡിഎഫിന്റെ വ്യക്തിഹത്യാശ്രമം അടിയൊഴുക്ക്‌ തിരിച്ചറിയുന്നതിന്റെ തെളിവായി കരുതാം.

ശബരിമല വിഷയം എടുത്തിട്ട്‌ എൽഡിഎഫിനെ ആക്രമിക്കാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമത്തെ വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്ന സർക്കാരാണിതെന്ന്‌ വ്യക്തമാക്കിയാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിച്ചത്‌.

ശബരിമല വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാർ ഇതുവരെയും യുഡിഎഫ്‌ സർക്കാർ മൂന്നു വർഷവും ചെലവിട്ട തുക താരമത്യംചെയ്‌ത്‌ മുഖ്യമന്ത്രി വെല്ലുവിളിച്ചു. എന്നാൽ, അതൊന്നും ഗൗനിക്കാതെ ശബരിമലയിൽ കേന്ദ്രീകരിച്ച്‌ നീങ്ങുകയാണ്‌ യുഡിഎഫും ബിജെപിയും.

കൂടത്തായി കൊലപാതകപരമ്പര പ്രചാരണരംഗത്ത്‌ ചർച്ചയാക്കിയത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനാണ്‌.

കൊലയെക്കുറിച്ച്‌ പൊലീസിന്‌ മാസങ്ങൾക്കുമുമ്പ്‌ വിവരം കിട്ടിയിട്ടും ഇപ്പോൾ പുറത്തുവിട്ടത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നാണ്‌ മുല്ലപ്പള്ളിയുടെ വാദം.

കൊലയാളിയെ പിടികൂടിയത്‌ ഇഷ്ടപ്പെടാത്ത ഒരാളേ ഉള്ളൂവെന്ന്‌ മുല്ലപ്പള്ളിയെ ഉന്നംവച്ച്‌ കോടിയേരി തിരിച്ചടിച്ചു. എത്ര വർഷം കഴിഞ്ഞാലും കുറ്റവാളിയെ പിടികൂടുമെന്നതിന്റെ തെളിവാണിതെന്നും കോടിയേരി വ്യക്തമാക്കി.

കൂടത്തായി കേസ്‌ ചുരുളഴിച്ചതിന്റെ പേരിൽ വിമർശവുമായി മുല്ലപ്പള്ളിക്കു പിന്നാലെ കുമ്മനം രാജശേഖരനും രംഗത്ത്‌ എത്തി.

സർക്കാരിന്റെ ഭരണമികവും അഴിമതിവിരുദ്ധ നിലപാടും മുൻനിർത്തിയുള്ള പ്രചാരണതന്ത്രമാണ്‌ എൽഡിഎഫ്‌ അവസാന ഘട്ടത്തിലും പയറ്റുന്നത്‌.

ഇതിന്‌ ജനങ്ങൾക്കിടയിൽ വലിയതോതിലുള്ള സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന യോഗങ്ങളിലെ ആൾക്കൂട്ടം ഇതാണ്‌ കാണിക്കുന്നത്‌.

അതേസമയം, ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ കഴിയാത്തതിലുള്ള ജാള്യം മറയ്‌ക്കാനുള്ള തത്രപ്പാടിലാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.

എംജി യൂണിവേഴ്‌സിറ്റിയുടെ മോഡറേഷൻ നൽകാനുള്ള തീരുമാനത്തിൽവരെ അദ്ദേഹം അഴിമതി ആരോപിക്കുകയാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കത്തിൽ കിഫ്‌ബിയിലും ട്രാൻസ്‌ഗ്രിഡ്‌ പദ്ധതിയിലും അഴിമതി ആരോപിച്ചെങ്കിലും അതൊന്നും ഏശിയില്ല.

കേരള ബാങ്കിനെതിരെ റിസർവ്‌ ബാങ്കിന്‌ നേരിട്ട്‌ കത്തെഴുതിയിട്ടും അന്തിമാനുമതി കിട്ടിയത്‌ ചെന്നിത്തലയ്‌ക്ക്‌ തിരിച്ചടിയായി.

അതിനിടെ, എൻഎസ്‌എസ്‌ പ്രസ്‌താവനയുടെ മറവിൽ സാമുദായിക ചേരിതിരിവ്‌ സൃഷ്ടിക്കാനും യുഡിഎഫും ബിജെപിയും പരിശ്രമിക്കുന്നുണ്ട്‌.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക്‌ ദേവസ്വം ബോർഡ്‌ നിയമനത്തിൽ പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്തിയതടക്കമുള്ള സർക്കാർ നടപടികൾ എൻഎസ്‌എസിലെ സാധാരണക്കാരിൽ എൽഡിഎഫ്‌ അനുകൂല ചിന്ത പ്രബലമാക്കിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News